പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 വീടുകൾക്ക് നാശനഷ്ടം
Mail This Article
പയ്യന്നൂർ ∙ കുഞ്ഞിമംഗലം വണ്ണച്ചാലിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 2 വീടുകൾക്കു ഭാഗികമായി കേടുപറ്റി. ഇന്നലെ രാത്രി 12.45നാണ് കണ്ണൂർ ഹാജി റോഡിലെ ചുമട്ടുതൊഴിലാളി പി.വി.ബാലകൃഷ്ണന്റെ വണ്ണച്ചാലിലെ വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ചത്. വീടിന്റെ വർക്ക് ഏരിയയ്ക്കു പുറത്തു സൂക്ഷിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ബാലകൃഷ്ണന്റെ വീടിന്റെ വർക്ക് ഏരിയ ഉൾപ്പെടെ തകർന്നിട്ടുണ്ട്. ജനൽ ഗ്ലാസുകളും ശുചിമുറിയുടെ വാതിലുകളും തകർന്നു. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിലിണ്ടറിനടുത്താണ് രണ്ടാമത്തെ സിലിണ്ടർ വച്ചിരുന്നത്. 10 ദിവസം മുൻപാണ് ഈ സിലിണ്ടർ കൊണ്ടു വന്നത്. പൊട്ടിയ സിലിണ്ടർ പൂർണമായും ചിന്നിച്ചിതറി. എന്നാൽ ഇതിനൊപ്പമുണ്ടായിരുന്ന ഉപയോഗിച്ചു കൊണ്ടിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചില്ല.
അതു ചുളുങ്ങിപ്പോവുകയാണുണ്ടായത്. സിലിണ്ടർ പൊട്ടിയപ്പോൾ വൻ സ്ഫോടനമല്ലാതെ അഗ്നിബാധ ഉണ്ടാകാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. വർക്ക് ഏരിയയോടു ചേർന്നുള്ള കിടപ്പു മുറിയിലായിരുന്നു ബാലകൃഷ്ണനും ഭാര്യ കമലാക്ഷിയും ഉറങ്ങിയിരുന്നത്. മുകളിലത്തെ നിലയിലായിരുന്നു മകൻ. അയൽവാസി പി.പി.പവിത്രന്റെ വീടിനും ഭാഗികമായി കേടുപറ്റി. 14 ജനൽ പാളികൾ തകർന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.