ADVERTISEMENT

ചെറുപുഴ∙ കോവിഡ് കാലത്ത് വരുമാനം നിലച്ച മാതാപിതാക്കൾക്ക് കൈത്താങ്ങായി ജോമിറ്റ്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയും കാക്കയംചാലിലെ വടക്കുംമുറിയിൽ ബിജു- ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകൻ 14 കാരൻ ജോമിറ്റാണു കുടുംബത്തിനു താങ്ങായി മാറിയത്. ദമ്പതികൾ ഹോട്ടലുകളിലും മറ്റും പലഹാരങ്ങൾ ഉണ്ടാക്കി നൽകിയാണു 5 അംഗ കുടുംബം ഉപജീവനം നടത്തിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരി ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. രോഗവ്യാപനത്തെ തുടർന്നു ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹങ്ങൾ മുടങ്ങുകയും ഹോട്ടലുകൾ അടച്ചിടുകയും ചെയ്തതോടെ നിർധന കുടുംബത്തിന്റ ജീവിതമാർഗവും ഇല്ലാതായി.

പിന്നീട് തൊഴിലുറപ്പ് ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ തുക മാത്രമായി കുടുംബത്തിന്റെ ഏക വരുമാനം. വീട്ടിലെ ദുരിതം കണ്ടെറിഞ്ഞ ജോമിറ്റ് ഗപ്പിയടക്കം വിവിധ മത്സ്യങ്ങൾ, കോഴികൾ, ആടുകൾ, താറാവ്, മുയൽ, വിവിധയിനം ചെടികൾ എന്നിവയെ വളർത്താനും പരിപാലിക്കാനും തുടങ്ങി. ഉപയോഗശൂന്യമായ ഫ്രിജ്, ചെറിയ പെട്ടികൾ തുടങ്ങിയവയിലാണു മത്സ്യങ്ങളെ വളർത്തിയിരുന്നത്. കുറഞ്ഞ കാലം കൊണ്ടു തന്നെ ഇതൊരു വരുമാന മാർഗമായി മാറിയെടുക്കാൻ ജോമിറ്റിനു സാധിച്ചു. ഇപ്പോൾ വളർത്തുമൃഗങ്ങളെയും ചെടികളും വിൽപന നടത്തി കുടുംബത്തിനു താങ്ങായി മാറിയിരിക്കുകയാണു  ഈ കൊച്ചു മിടുക്കൻ.

ചെറുപ്പത്തിൽ തന്നെ മ്യഗങ്ങളെ വളർത്തുന്നതിലും ചെടികൾ നട്ടുപിടിപ്പിക്കുന്നതിലും ജോമിറ്റ് താൽപര്യം പ്രകടിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. ദുരിത ജീവിതത്തിനിടയിലും മകൻ ആവശ്യപ്പെടുന്ന മത്സ്യങ്ങളെയും മറ്റും വാങ്ങി നൽകിയത് ദുരിതക്കാലത്ത് കുടുംബത്തിനു ഒരു വരുമാന മാർഗമായി മാറി. ഇപ്പോൾ ജോമിറ്റിന്റെ ചെലവിലാണു തങ്ങൾ കഴിയുന്നതെന്നു ഈ കുടുംബം പറയുന്നു. മൂത്ത സഹോദരനും പ്ലസ്ടു വിദ്യാർഥിയുമായ ജോണറ്റും എട്ടാം ക്ലാസുകാരനായ അനുജൻ ജോബിറ്റും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. 10-ാം ക്ലാസ് കഴിഞ്ഞു മൃഗങ്ങളെ വളർത്തുന്നത് വിപുലമാക്കണമെന്നാണു ഈ കൊച്ചു മിടുക്കന്റെ അഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com