കണ്ണൂർ – മംഗളൂരു സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി; സ്റ്റേഷനിൽ ആഹ്ലാദം
Mail This Article
കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ – മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ 7.40നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തുന്ന തരത്തിലും വൈകിട്ട് 5.05നു മംഗളൂരുവിൽ നിന്നു പുറപ്പെട്ട് രാത്രി 8.40നു കണ്ണൂരിൽ തിരിച്ചെത്തുന്ന തരത്തിലുമാണു ട്രെയിനിന്റെ സമയക്രമം. ട്രെയിൻ കാസർകോട് ഭാഗത്തെ സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവർക്കും മംഗളൂരു യാത്രക്കാർക്കും ഏറെ പ്രയോജനകരമായ സമയക്രമമാണ് ഇത്.
കണ്ണൂരിനും മംഗളൂരുവിനും ഇടയിലെ ചിറക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെ 17 സ്റ്റേഷനുകളിലും ട്രെയിനിനു സ്റ്റോപ്പുണ്ട്. അൺറിസർവ്ഡ് ടിക്കറ്റുകൾ നൽകാൻ സ്റ്റേഷനുകളിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സീസൺ ടിക്കറ്റുകളും ഈ കൗണ്ടറുകളിൽ നിന്നു ലഭിക്കും. നേരത്തേയെടുത്ത സീസൺ ടിക്കറ്റുകൾ പുതുക്കിയെടുക്കാനും കൗണ്ടറുകളിൽ സൗകര്യമുണ്ട്.
സീസൺ ടിക്കറ്റുകാർ ഉൾപ്പെടെ 46 പേരാണ് ആദ്യ യാത്രയിൽ കണ്ണൂരിൽ നിന്നു ട്രെയിനിൽ കയറിയത്. 12 ജനറൽ കോച്ചുകളാണു ട്രെയിനിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻഎംആർപിസി)
നേതൃത്വത്തിൽ റെയിൽവേ യാത്രക്കാർ ട്രെയിനിനെ ആഹ്ലാദത്തോടെയാണു യാത്രയാക്കിയത്. ലോക്കോ പൈലറ്റിനും യാത്രക്കാർക്കും ഭാരവാഹികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കോ-ഓർഡിനേഷൻ ചെയർമാൻ റഷീദ് കവ്വായി, കോഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, വൈസ് ചെയർമാൻ ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, പി.വിജിത്ത്കുമാർ, റിയാസ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.