വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്മാരകമായി സംരക്ഷിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Mail This Article
വളപട്ടണം∙ പുരാതനവും ഏറ്റവും പഴക്കമേറിയതുമായ മുസ്‍ലിം പള്ളികളിൽ ഒന്നായ വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സ്മാരകമായി സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി കിഫ്ബി മുഖേന 1 കോടി രൂപയുടെ നവീകരണ പ്രവൃത്തി നടത്തും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനെ നിർമാണ ചുമതല ഏൽപ്പിച്ചതായും പണി ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
പള്ളി നവീകരിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി.സുമേഷ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടിയായാണ് മന്ത്രി പള്ളിയുടെ നവീകരണം ഏറ്റെടുത്തു കൊണ്ടുള്ള തീരുമാനം അറിയിച്ചത്. അറക്കൽ- ചിറക്കൽ രാജ വംശങ്ങളുമായുള്ള മത സൗഹാർദത്തിന്റെ വളരെ പ്രധാനപ്പെട്ട കേന്ദ്രമാണ് കക്കുളങ്ങര പള്ളി.
വളപട്ടണത്തെ ഖാസി ഭവൻ എന്നാണ് പളളി അറിയപ്പെടുന്നത്. അറക്കൽ- ചിറക്കൽ രാജ വംശങ്ങളുടെ ആചാരപരമായ പല ചടങ്ങുകളിലും ഖാസിയുടെയും പള്ളിയുടെയും സ്ഥാനം പ്രധാനമായിരുന്നു. ഖാസിക്ക് അധികാര പട്ടം സമ്മാനിക്കുന്നത് ചിറക്കൽ രാജാവാണ് എന്നത് മത സൗഹാർദത്തിന്റെ മികച്ച പ്രതീകം കൂടിയായിരുന്നു.