അവഗണന സ്റ്റാൻഡ് വിടണം
Mail This Article
കണ്ണൂർ ∙ കോവിഡ് വരുത്തിയ തിരിച്ചടികളിൽ നിന്നു കരകയറാനൊരുങ്ങുന്ന കെഎസ്ആർടിസിക്കു പിന്തുണയേകുകയാണു കണ്ണൂരിലെ ഡിപ്പോകൾ. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോകൾ പരിമിതിക്കിടയിലും കയ്യടി അർഹിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. ജില്ലയിലെ കെഎസ്ആർടിസിയുടെ 3 ഡിപ്പോകളിലായി 208 ബസുകൾ ചേർന്ന് 159 സർവീസുകളിലായി പ്രതിദിനം 56,780 കിലോമീറ്റർ സർവീസ് നടത്തുന്നുണ്ട്.
കോവിഡിനു മുൻപ് 230ൽ താഴെ സർവീസാണു ജില്ലയിൽ ഉണ്ടായിരുന്നത്. വരുമാനമാകട്ടെ 28 ലക്ഷം രൂപയും. ഇത്രയൊക്കെയായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുകയാണു ഡിപ്പോകൾ. എന്നിട്ടും കണ്ണ് തുറക്കാൻ അധികൃതർ തയാറായിട്ടില്ല.
കണ്ണൂർ ഡിപ്പോ
നിർമാണം പൂർത്തിയായ പുതിയ ഗാരേജ് കെട്ടിടം പ്രവർത്തനം ആരംഭിച്ചിട്ടില്ല. കുടിവെള്ളം, മതിയായ വെളിച്ചം എന്നിവയില്ല. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം പണി പൂർത്തിയായി വർഷം ഒന്നര കഴിഞ്ഞിട്ടും തുറന്നു കൊടുത്തില്ല. 2016 മാർച്ചിലാണു നിർമാണം ആരംഭിച്ചത്. 4.21 ഏക്കർ സ്ഥലത്തായാണു കണ്ണൂർ ഹെഡ് ക്വാർട്ടേഴ്സ് ഡിപ്പോ. ഇപ്പോഴുള്ള സ്ഥലം നേരത്തേ ജില്ലാ പൊലീസ് യൂണിറ്റിന്റെ ഓഫിസ് സമുച്ചയമായിരുന്നു. 1968ൽ ഇ.കെ.ഇമ്പിച്ചി ബാവ ഗതാഗത മന്ത്രിയായിരിക്കേ സ്ഥലം പൂർണമായി കെഎസ്ആർടിസിക്കു കൈമാറി.
തുടർന്നു ജില്ലാ ട്രാൻസ്പോർട്ട് കാര്യാലയം ആയി ഉയർത്തി പ്രവർത്തനം ആരംഭിച്ചു. 70 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 50 ഓർഡിനറി, 2 സൂപ്പർ ഡീലക്സ്, ഒരു മിന്നൽ സൂപ്പർ ഡീലക്സ്, ഒരു എയർ എക്സ്പ്രസ്, 11 സൂപ്പർ ഫാസ്റ്റ്, ഒരു ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ എന്നിവ ഉൾപ്പെടും. 93 ബസുകളുണ്ട്. പ്രതിദിന ശരാശരി സർവീസ് നടത്തുന്ന കിലോമീറ്റർ, 24576 ആണ്. 10 ലക്ഷം രൂപയാണു പ്രതിദിന വരുമാനം.
തലശ്ശേരി ഡിപ്പോ
വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ ഉപകരണങ്ങളോ സ്പെയർ പാർട്സോ ഇല്ല. കഴുകാൻ കംപ്രസർ ഇല്ലാത്തതിനാൽ ചെറിയ പൈപ്പ് ഉപയോഗിച്ചാണു ബസുകൾ വൃത്തിയാക്കുന്നത്. യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യമില്ല. ഗാരേജിനകത്തും പുറത്തുള്ള റോഡുകളിലെ വെളിച്ചക്കുറവാണു മറ്റൊരു പ്രശ്നം. മേൽക്കൂരയിൽ ആസ്‌ബസ്റ്റോസ് ഷീറ്റ് വിരിച്ച ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് ഓഫിസും സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും. 2 കിണറുകളും ഒരു കുഴൽ കിണറും കുഴിച്ചെങ്കിലും ചതുപ്പ് നിലമായതിനാൽ വെള്ളം ഉപയോഗിക്കാനാവില്ല.
രാത്രി വൈകി സർവീസ് അവസാനിപ്പിക്കുന്ന ബസുകളിലെ ജീവനക്കാർക്കു തങ്ങാനുള്ള മുറികളില്ല. സ്റ്റേ റൂം പണിതെങ്കിലും കെട്ടിടത്തിന്റെ അടിത്തറ അപകടത്തിലായതിനാൽ അടച്ചിട്ടിരിക്കുകയാണ്. കോവിഡിന് മുൻപ് 66 സർവീസുകൾ ഓപ്പറേറ്റ് ചെയ്തെങ്കിൽ 38 സർവീസ് ആണ് നിലവിലുള്ളത്. 2 ബെംഗളൂരു, 2 മൈസൂരു, 2 വീരാജ് പേട്ട, 1 മടിക്കേരി 5 മംഗളൂരു സർവീസുകൾ നിർത്തിവച്ചു. നല്ല വരുമാനം ലഭിച്ച നെടുങ്കണ്ടം സൂപ്പർ എക്സ്പ്രസും നിർത്തി. മേലൂർ - മമ്മാക്കുന്ന് പാലം വഴി കണ്ണൂരിലേക്കു രാവിലെ 5.50നും 7നുമുള്ള സർവീസുകൾ നിർത്തിയതു മൂലം യാത്രക്കാർ പ്രയാസപ്പെടുന്നു.
പയ്യന്നൂർ ഡിപ്പോ
92 ബസുകൾ വരെ സർവീസ് നടത്തിയ ഡിപ്പോയാണിത്. ഇപ്പോൾ പകുതി ബസുകൾ പോലും റോഡിലിറക്കുന്നില്ല. ഗ്രാമീണ റൂട്ടുകൾ ഭൂരിഭാഗവും റദ്ദാക്കി. മെക്കാനിക് വിഭാഗത്തിനു വെയിലും മഴയും കൊണ്ടു ജോലി ചെയ്യേണ്ട സ്ഥിതി. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെട്ട ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങളൊന്നുമില്ല. വരുമാനം പ്രതീക്ഷിച്ചു നിർമിച്ച ഷോപ്പിങ് കോംപ്ലക്സ് കം ബസ് ടെർമിനൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു ബാധ്യതയായി മാറി.
ഡിപ്പോയുടെ സ്ഥലം സ്വകാര്യ ഏജൻസികൾക്കു ലീസിനു കൊടുക്കാനുള്ള ശ്രമം ജനം തടഞ്ഞതിനെ തുടർന്നാണു ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ തയാറായത്. എന്നാൽ കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ വാടകക്കെടുത്തവർ ഉപേക്ഷിച്ച അവസ്ഥ. 2011ൽ പണി തുടങ്ങി 2016ൽ പൂർത്തീകരിച്ച കെട്ടിടമാണിത്. റെന്റ് കം ഡിപ്പോസിറ്റ് അടിസ്ഥാനത്തിലായിരുന്നു നിർമാണം.
കെട്ടിടത്തിനു ചോർച്ച ഉണ്ടായതോടെ വ്യാപാരികൾ പലരും കെട്ടിടം ഒഴിഞ്ഞു. മുകളിലെ ടാങ്ക് ചോർന്നു പുറത്തേക്കൊഴുകുന്ന വെള്ളം മേൽക്കൂരയുടെ കോൺക്രീറ്റിലൂടെ മുറികളിലെത്തുന്നതിനും പരിഹാരമായില്ല. 30 ബസുകൾ ഒരേസമയം പാർക്ക് ചെയ്തു സർവീസ് നടത്താനുള്ള ബസ് ബേയുണ്ടെങ്കിലും സൗകര്യങ്ങളൊന്നുമില്ല.