ADVERTISEMENT

പയ്യന്നൂർ∙ ചോരുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചു മാറ്റി പുതിയതു പണിയുന്നതിനു പകരം കെട്ടിടത്തിനു മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റിടുന്നു. 40 പൊലീസുകാർ സേവനമനുഷ്ഠിച്ച കാലത്ത് നിർമിച്ച കുടുസ്സുമുറികളുള്ള പയ്യന്നൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് അധികൃതർ ഈ ചെപ്പടിവിദ്യ കാട്ടുന്നത്. നിന്നു തിരിയാൻ സ്ഥലമില്ലാത്ത പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഓരോ ഭാഗത്തായി റൂമുകൾ നിർമിച്ചാണ് ചെറിയതോതിൽ സൗകര്യം ഒരുക്കി കൊടുത്തത്. ഒടുവിൽ പരാതിക്കാർക്ക് കയറാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ വന്നപ്പോൾ മുൻ ഭാഗത്തും ചെറിയൊരു മുറി നിർമിച്ചു.

ചോർന്നൊലിക്കാൻ തുടങ്ങിയ കെട്ടിടത്തിൽ ഇപ്പോൾ ഒരു ഇൻസ്പെക്ടറും 4 എസ്ഐമാരും ഉൾപ്പെടെ 61 പൊലീസുകാരുണ്ട്. ഇതിൽ 7 പേർ വനിത പൊലീസാണ്. ഇവർക്ക് പുറമേ 10 ഹോംഗാർഡുമുണ്ട്. ഇവരെല്ലാം ഒരുമിച്ചെത്തിയാൽ സ്റ്റേഷനകത്ത് കയറാൻ കഴിയില്ല. കാര്യമായൊരു വിശ്രമ മുറി പോലും ഇതിനകത്തില്ല. ലോക്കപ്പ് മുറിയുടെ പകുതി ഭാഗമെടുത്താണ് എസ്ഐയുടെ മുറി സജ്ജമാക്കിയത്.

ഇതിനോടു ചേർന്ന് പൊലീസുകാരുടെ ഭക്ഷണത്തിനുള്ള അടുക്കളയും ഉണ്ട്. ഡിവൈഎസ്പി ഓഫിസും പൊലീസ് കൺട്രോൾ റൂമും ഈ കോംപൗണ്ടിനകത്താണുള്ളത്. ജനമൈത്രി പൊലീസ് കെട്ടിടം എന്ന നിലയിൽ ഇരുനില കെട്ടിടവുമുണ്ട്. എന്നാൽ ഒരു കെട്ടിടവും കൃത്യമായ കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ളതല്ല.

പൊലീസുകാർക്ക് വിശ്രമിക്കാൻ പഴയ സർക്കിൾ ഓഫിസ് കെട്ടിടത്തിനു മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച മുറികളാണ് ഇപ്പോൾ പൊലീസ് കൺട്രോൾ റൂമായി പ്രവർത്തിക്കുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റി ബഹുനില കെട്ടിടം പണിയണമെന്ന ആവശ്യം ഉയർന്നു വരുമ്പോഴാണ് അത് പരിഗണിക്കാതെ ഷീറ്റിടുന്നത്. വേനൽക്കാലത്തെ കൊടും ചൂടു കൊണ്ട് ഇതിനകത്ത് എങ്ങനെ വിശ്രമിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com