പയ്യന്നൂർ കോടതി സമുച്ചയ നിർമാണം വൈകും
Mail This Article
പയ്യന്നൂർ ∙ പയ്യന്നൂർ കോടതി സമുച്ചയ നിർമാണം വൈകും. പ്രതികൂല കാലാവസ്ഥയാണ് കെട്ടിട നിർമാണത്തിന് തടസ്സമായത്. മഴ പൂർണമായും വിട്ടുമാറി ഭൂമിയിലെ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ നിർമാണം തുടങ്ങാനാകൂ. ഇതിന്റെ പ്രാരംഭ പ്രവൃത്തികൾ മഴയ്ക്ക് മുൻപ് പൂർത്തിയാക്കിയിരുന്നു. തുടർന്നുള്ള ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചുവെങ്കിലും 6 നില കെട്ടിടത്തിനാവശ്യമായ പൈലിങ് നടത്തുന്നതിന് ഈ സ്ഥലത്തെ ജല നിരപ്പ് തടസ്സമായി നിൽക്കുന്നു.
തുലാവർഷം അനന്തമായി നീളുന്നത് തുടർ നിർമാണത്തെയും ബാധിക്കും. മഴ ശക്തമായാൽ പണി പുനരാരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. 14 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ മുൻസിഫ്–മജിസ്ട്രേട്ട് കോടതികൾക്കും മറ്റും ആവശ്യമായ 6 നില കെട്ടിടം പണിയുന്നത്. 2020 ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോടതി സമുച്ചയത്തിന് തറക്കല്ലിട്ടത്. 1963ൽ നിർമിച്ച മുൻസിഫ് കോടതി കെട്ടിടം പൊളിച്ചു മാറ്റിയാണ് കോടതി സമുച്ചയം നിർമിക്കുന്നത്.