ADVERTISEMENT

കണ്ണൂർ ∙ ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വീണാ ജോർജ് ആദ്യമായി ജില്ലയിലെത്തുമ്പോൾ കാത്തിരിക്കുന്നതു കുന്നോളം ആവശ്യങ്ങളാണ്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ തുടങ്ങിയ ആതുരാലയങ്ങൾക്കെല്ലാം പറയാനുണ്ട് മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണ്ട ഒട്ടേറെ കാര്യങ്ങളുടെ പട്ടിക.

കണ്ണൂർ ഗവ.മെഡിക്കൽ കോളജ്

∙ 350 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടമായി അറ്റകുറ്റപ്പണിക്കും ട്രോമ കെയർ നിർമിക്കാനും 125 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
∙ എട്ടാം നിലയിലെ കോൺക്രീറ്റ് മേൽക്കൂര മഴയിൽ ചോർന്നൊലിക്കുന്നു.
∙ മെഡിക്കൽ കോളജിലെ നാനൂറോളം ശുചിമുറികളും ശോച്യാവസ്ഥയിൽ.

∙ ക്യാംപസിലെ റോഡുകൾ തകർന്ന നിലയിൽ.
∙ എസി പ്ലാന്റ് കാലപ്പഴക്കത്താൽ പ്രവർത്തിക്കുന്നില്ല. മെഡിക്കൽ ഉപകരണങ്ങൾ കേടാവുന്നു.
∙ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം സുസജ്ജമല്ല.
∙ സ്ഥലപരിമിതിയിൽ വലഞ്ഞ് ഡെന്റൽ കോളജ്. പ്രത്യേക ബ്ലോക്ക് നിർമിക്കണം.

∙ കാൻസർ ചികിത്സാ റേഡിയോളജി വിഭാഗം തുറന്നു പ്രവർത്തിപ്പിക്കണം.
∙ എംആർഐ, സിടി സ്കാൻ സംവിധാനം ആധുനീകരിക്കണം.
∙ രോഗികളെ പരിചരിക്കാൻ എത്തുന്നവർക്ക് താമസസൗകര്യം വേണം‌.
∙ ആധുനിക ഒപി ബ്ലോക്ക്, കൂടുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി കോഴ്സുകൾ.

തലശ്ശേരി ജനറൽ ആശുപത്രി

∙ തലശ്ശേരി ജനറൽ ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് ഇല്ല.
∙ ഡയാലിസിസ് യൂണിറ്റ് ഉണ്ടെങ്കിലും സ്ഥിരം ഡോക്ടർമാരില്ല.
∙ അൾട്രാസൗണ്ട്, സിടി സ്കാൻ സൗകര്യങ്ങളില്ല.
∙ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്കു പോകുന്ന റോഡുകൾ തകർന്നതിനാൽ രോഗികളെ ചക്രക്കസേരയിൽ ഇരുത്തി കൊണ്ടുപോകാൻ പ്രയാസം. 

താലൂക്ക് ആശുപത്രികൾ

∙ പഴയങ്ങാടി താലൂക്കാശുപത്രിയിൽ രാത്രി ചികിത്സാ സൗകര്യം, എക്സ് റേ എന്നിവ വേണം.
∙ പയ്യന്നൂർ താലൂക്ക് ഓപ്പറേഷൻ തിയറ്റർ പ്രവർത്തനം മുടങ്ങാതെ നോക്കണം.
∙ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരുടെ ഒഴിവുകൾ നികത്തണം. ‌

∙ പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ കിടത്തി ചികിത്സ മുടങ്ങിയിട്ട് മാസങ്ങൾ.
∙ ‌ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിരഞ്ഞെടുപ്പിനു മുൻപ് ഉദ്ഘാടനം ചെയ്ത മാതൃശിശു സംരക്ഷണ ബ്ലോക്ക് ഇനിയും തുറന്നിട്ടില്ല.
∙ പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തിയെന്നു പ്രഖ്യാപിച്ചെങ്കിലും സൗകര്യങ്ങൾ ഒരുക്കിയില്ല. മാതൃ ശിശുസംരക്ഷണ കേന്ദ്രമാണെങ്കിലും ഗൈനക്കോളജിസ്റ്റോ ശിശുരോഗ വിദഗ്ധനോ ഇല്ല.

കണ്ണൂർ ജില്ലാ ആശുപത്രി

∙ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണങ്ങൾ അനന്തമായി നീളുന്നു.
∙ എക്സ് റേ, സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിങ് യന്ത്രങ്ങൾ തകരാറിൽ. 10 വർഷത്തിലേറെയായ ഇവ മാറ്റി പുതിയതു സ്ഥാപിക്കണം.
∙ കാത്ത് ലാബ് പ്രവർത്തനം തുടങ്ങുന്നത് വൈകുന്നു.
∙ ഡയാലിസിസിനു കൂടുതൽ സൗകര്യങ്ങൾ വേണമെന്ന് ആവശ്യം.
∙ മരുന്നുകളുടെ ലഭ്യതക്കുറവും രോഗികളെ വലയ്ക്കുന്നു.

∙ ഫാർമസിസ്റ്റുമാരുടെ കുറവു കാരണം മരുന്നു വാങ്ങാൻ മണിക്കൂറുകൾ കാത്തുനിൽക്കണം.
∙ ലാബ് പരിശോധനകൾക്കും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി.
∙ നഴ്സിങ് ഹോസ്റ്റൽ സ്ഥാപിക്കണം.
∙  സോണോളജിസ്റ്റ് ഇല്ലാത്തതിനാൽ അൾട്രാ സൗണ്ട് സ്കാനിങ് സൗകര്യം പ്രവർത്തിപ്പിച്ചിട്ട് 4 വർഷം.

മറ്റ് ആശുപത്രികൾ

∙ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം.
∙ ഒന്നര വർഷം മുൻപു വരെ 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന പാപ്പിനിശ്ശേരി സിഎച്ച്സിയിൽ ഇപ്പോൾ രാത്രി ഡ്യൂട്ടിയിൽ ഡോക്ടർമാരില്ല.
∙ ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പണി തുടങ്ങണം.
∙ കരിവെള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡെന്റൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

∙ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സാ സൗകര്യം വേണം.
∙ കൂട്ടുമുഖം സിഎച്ച്സിയിൽ കിടത്തി ചികിത്സ അനുവദിച്ചെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല.
∙ മട്ടന്നൂർ ഗവ.ആശുപത്രിയിലും രാത്രി ചികിത്സയില്ല. ജീവനക്കാരും കുറവ്.
∙ കീഴ്പ്പള്ളി സിഎച്ച്സിയിൽ 4 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കിടത്തി ചികിത്സ ഇനിയും ആരംഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com