വാടക കെട്ടിടം കണ്ടെത്തിയില്ലെങ്കിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തളിപ്പറമ്പിലേക്ക് പോകും
Mail This Article
പയ്യന്നൂർ ∙ വാടക കെട്ടിടം എളുപ്പത്തിൽ കണ്ടെത്തിയില്ലെങ്കിൽ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തളിപ്പറമ്പിലേക്ക് പോകും. 37 വർഷം മുൻപ് നിർമിച്ച കോടതി കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് കോടതിക്ക് വാടക കെട്ടിടം കണ്ടെത്താൻ നിർദേശിച്ചത്.
ചോർന്നൊലിക്കുന്ന കെട്ടിടത്തിന്റെ ചോർച്ച മാറ്റാൻ ആസ്ബസ്റ്റോസ് ഷീറ്റ് സ്ഥാപിച്ചിരുന്നു. അതിനു ശേഷം കെട്ടിടത്തിന്റെ മേൽക്കൂര അടർന്ന് വീഴാൻ തുടങ്ങി. മുൻസിഫ്, മജിസ്ട്രേട്ട് കോടതികൾക്കായി 14 കോടി രൂപയുടെ കെട്ടിട സമുച്ചയം നിർമിക്കാൻ തറക്കല്ല് ഇട്ടിട്ടുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകും വരെ ഉപയോഗിക്കുന്നതിന് നിലവിലുള്ള കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തണമെന്ന നിർദേശം പിഡബ്ല്യുഡിക്കു ലഭിച്ചിരുന്നു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെട്ടിടം പരിശോധിച്ച് അറ്റകുറ്റപ്പണി നടത്താനാകില്ലെന്നും കെട്ടിടം എത്രയും വേഗത്തിൽ പൊളിച്ചു മാറ്റേണ്ടി വരുമെന്ന് എൻജിനീയർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് ഹൈക്കോടതിയിൽ എത്തിയതോടെ കോടതി അടിയന്തരമായും വാടക കെട്ടിടത്തിലേക്ക് മാറ്റാൻ നിർദേശം വന്നു. എന്നാൽ കോടതിക്ക് ആവശ്യമായ വാടക കെട്ടിടം കണ്ടെത്തുക പ്രയാസമായതിനാൽ നിലവിലുള്ള കെട്ടിടത്തിൽ ഓഫിസ് നിലനിർത്തി സബ് കോടതി കെട്ടിടത്തിൽ കോടതി പ്രവർത്തിപ്പിക്കാമെന്ന നിർദേശം ഹൈക്കോടതിക്ക് മുന്നിൽ എത്തി.
പൊളിച്ചു മാറ്റാൻ എൻജിനീയർ നിർദേശിച്ച കെട്ടിടത്തിൽ ഓഫിസ് സംവിധാനം നടക്കില്ലെന്നും വാടക കെട്ടിടം കണ്ടെത്തി കോടതി മാറ്റുന്നില്ലെങ്കിൽ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ കീഴിലേക്ക് പുതിയ കെട്ടിടം വരുന്നതു വരെ മാറ്റുമെന്ന് ഹൈക്കോടതി ബന്ധപ്പെട്ടവരെ അറിയിച്ചു.