കുറഞ്ഞ ചെലവിൽ മുടിവെട്ട്, ബ്ലീച്ചിങ്, മസാജിങ് ; ‘കോഴിയും പശുവും അകത്തുണ്ട് !’, ഇത് കണ്ണൂർ സെൻട്രൽ ജയിൽ
Mail This Article
കണ്ണൂർ∙ സെൻട്രൽ ജയിലെന്നു കേൾക്കുമ്പോൾ പേടിപ്പെടുത്തുന്ന ചിന്തകളാകും ആദ്യം വരിക. എന്നാൽ കണ്ണൂർ സെൻട്രൽ ജയിലിലേക്കു കയറി ചെല്ലുമ്പോൾ ഈ ധാരണകളൊക്കെ ഇല്ലാതാകും. ബ്യൂട്ടി പാർലർ, ഡയറി ഫാം, തയ്യൽ, നെയ്ത്ത്, പച്ചക്കറിക്കൃഷി, പെട്രോൾ പമ്പ്, ട്രീമ്യൂസിയം ഇങ്ങനെ പദ്ധതികളും പ്രവർത്തനങ്ങളും പലതാണ് സെൻട്രൽ ജയിലിനോടനുബന്ധിച്ച്. സെൻട്രൽ ജയിലിനു ജനകീയ മുഖം നൽകി പദ്ധതിയാണ് ഫുഡ് ഔട്ട്‌ലെറ്റ്.
വളരെ കുറഞ്ഞ തുകയ്ക്ക് ബിരിയാണിയും ചപ്പാത്തിയും ചിക്കൻ കറിയുമെല്ലാം ലഭിക്കുന്ന ജെയിൽ ഫുഡ് ഔട്ട്‌ലെറ്റിൽ രണ്ടു ലക്ഷത്തിലേറെയാണ് ദിനംപ്രതി ലഭിക്കുന്ന വരുമാനം. ജയിലിലെ ജോലികളൊക്കെ ചെയ്യുന്നതു തടവുകാരാണെങ്കിലും ഇവരെ തിരഞ്ഞെടുക്കുന്നതിനു മാനദണ്ഡങ്ങളുമുണ്ട്. കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർ, ലഹരി, കഞ്ചാവ് കേസ്, പിടിച്ചുപറി,മോഷണം, കൊലപാതകം തുടങ്ങിയ കേസുകളിൽ ശിക്ഷയനുഭവിക്കുന്നവരെ പുറം ജോലികൾക്കു നിയോഗിക്കാറില്ല.
സഹ തടവുകാരോടും ഉദ്യോഗസ്ഥരോടുമുള്ള പെരുമാറ്റം, നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ചാണ് ജോലികൾക്കു നിയോഗിക്കുന്നത്. ജയിലിനകത്തെ സെല്ലുകളുടെ ശുചീകരണ ജോലി ചെയ്യുന്നത് ജീവപര്യന്തം ശിക്ഷയനുഭവിച്ചു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന, സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയാണ്.
‘കോഴിയും പശുവും അകത്തുണ്ട് !’
ജയിൽ വളപ്പിനകത്തെ ഡയറി ഫാമിൽ 49 മികച്ചയിനം പശുക്കളുണ്ട്. ഇവയുടെ പാൽ ഉപയോഗിച്ചാണ് 200ഓളം വരുന്ന ജയിൽ ജീവനക്കാർക്കും 1000ത്തിലേറെയുള്ള തടവുകാർക്കും ചായയും മറ്റുമുണ്ടാക്കുന്നത്. കിട്ടുന്ന പാൽ ജയിലിൽ ആവശ്യമായി വരുന്നതിനാൽ വിപണനത്തിന് ഉപയോഗിക്കുന്നില്ല. 3000ത്തോളം കോഴികളുള്ള ഫാമിലെ ഇറച്ചിയാണ് ‘ഫ്രീഡം ഫുഡിലൂടെ’ സ്വാദിഷ്ടമായ വിഭവങ്ങളായി മാറുന്നത്. ഫാമിലെ പശുവിന്റെയും കോഴികളുടെയുമെല്ലാം പരിചരണം തടവുകാർ തന്നെ നിർവഹിക്കും.
വൈകാതെ 10 ആടുകളും ജയിലിനകത്തെത്തും, ആട്ടിൻ കൂടെല്ലാം തയാറായതായി ജീവനക്കാർ പറയുന്നു. ഭക്ഷണം കൊണ്ടു മാത്രമല്ല വസ്ത്രത്തിന്റെ കാര്യത്തിലും സ്വയം പര്യാപതരാണ് തടവുകാർ. തടവുകാർക്കുള്ള വസ്ത്രം നിർമിക്കുന്നതിന് തയ്യൽ,നെയ്ത്ത് എന്നിവ പ്രവർത്തിക്കുന്നുണ്ട്.അത്യാവശ്യ പച്ചക്കറികൾ വളപ്പിനകത്തെ കൃഷിയിൽ നിന്നും ലഭിക്കും.
ജയിലിനു മുൻപിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് വളരെ പെട്ടെന്നാണ് ജനങ്ങൾ ഏറ്റെടുത്തത്. പെട്രോൾ അടിക്കുന്നതിന് തടവുകാരെയാണ് നിയോഗിച്ചത്. ഓഫിസ് കാര്യങ്ങൾ നോക്കാൻ ജയിൽ ജീവനക്കാരുണ്ട്. ജില്ലയിൽ ആദ്യമായി സിഎൻജി ലഭ്യമാക്കിയ പമ്പ് കൂടിയായിരുന്നു ഇത്. തടവുകാർ തയാറാക്കുന്ന ഭക്ഷണം ലഭിക്കുന്ന ഫ്രീഡം ഫുഡ് 2012ലാണ് ആരംഭിച്ചത്.
മിനുക്കാനും ആളുണ്ട്
പ്രധാന പ്രവേശന കവാടത്തിനരികിലുള്ള ഫീനിക്സ് ഫ്രീഡം എക്സ്പ്രഷൻസ് ബ്യൂട്ടി പാർലർ നാട്ടുകാരുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ്. കുറഞ്ഞ ചെലവിൽ മുടിവെട്ട്, ഫേഷ്യൽ, ബ്ലീച്ചിങ്, മസാജിങ് തുടങ്ങി എല്ലാ സേവനങ്ങളും ബ്യൂട്ടിപാർലറിൽ ലഭ്യമാണ്. പാർലറിൽ വരുന്നവർക്ക് ബിൽ എഴുതി കൊടുക്കാൻ ജയിൽ ജീവനക്കാരുണ്ട്. മൊത്തം അഞ്ചു പേർക്കാണ് ഇതിനായി പരിശീലനം നൽകിയത്. ഇവർ ഊഴമനുസരിച്ചു ജോലി ചെയ്യും.
‘ വിഷൻ 2030’
ജയിലിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങി സമഗ്രമായ നിർദേശങ്ങൾ അടങ്ങിയതാണ് ജയിൽ ജീവനക്കാർ രൂപപ്പെടുത്തിയ വിഷൻ 2030. ജയിലിനെ അടിമുടി മാറ്റാൻ ലക്ഷ്യമിടുന്ന നിർദേശങ്ങൾ തയാറാക്കി സർക്കാരിനു സമർപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ.
വംശനാശ ഭീഷണി നേരിടുന്ന മരങ്ങളുടെയും സസ്യങ്ങളുടെയും സംരക്ഷണത്തിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹരിത കേരള മിഷനുമായി ചേർന്ന് ഒരുക്കിയ പദ്ധതിയാണ് ട്രീമ്യൂസിയം. വേപ്പ്, രുദ്രാക്ഷം,കരിങ്ങാലി, കർപ്പൂരം തുടങ്ങി ഇരുനൂറോളം തൈകളാണ് വച്ചു പിടിപ്പിച്ചത്.