ADVERTISEMENT

ഇരിട്ടി∙ അന്തർ സംസ്ഥാന യാത്രക്കാരുടെ ആശങ്ക ഒഴിവായി. കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായി. കെഎസ്ടിപി ഉന്നത അധികൃതരുടെ അനുമതി ലഭിച്ചാൽ പുതിയ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാം. കർണാടകയുടെ തടസ്സ വാദങ്ങളെ തുടർന്നു 3 വർഷം പണി നിർത്തി വയ്ക്കേണ്ടി വന്നതിനാൽ കൂട്ടുപുഴ പാലം നിർമാണത്തിനു 4 വർഷവും 4 മാസവും വേണ്ടി വന്നു. പാലത്തിന്റെയും സമീപന റോഡുകളുടെ പണികളും പെയിന്റിങ്ങും ഉൾപ്പെടെ പൂർത്തിയായതിനാൽ ഔദ്യോഗികമായി ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതിനു മുൻപ് വാഹനങ്ങൾ കയറാതിരിക്കാൻ വീപ്പകൾ വച്ച് തടസ്സം സ്ഥാപിച്ചിട്ടുണ്ട്.

തടസ്സം വന്ന വഴി

തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ കേരള – കർണാടക അതിർത്തിയിലെ കൂട്ടുപുഴ പാലം പണി 2017 ഡിസംബർ 27 നാണ് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം റേഞ്ചർ തടസ്സപ്പെടുത്തുന്നത്. പാലത്തിന്റെ മറുകര റോഡിൽ ചേരുന്ന ഭാഗം തങ്ങളുടെ വനഭൂമിയിൽ പെട്ടതാണെന്ന വാദം ഉയർത്തിയായിരുന്നു തടസ്സം സൃഷ്ടിച്ചത്. ഇതിനകം 90 മീറ്റർ നീളമുള്ള പാലത്തിന്റെ 2 സ്പാൻ വാർപ് കഴിഞ്ഞിരുന്നു.

റോഡ്  നവീകരണ പദ്ധതി

366 കോടി രൂപ ചെലവിൽ 7 പാലങ്ങൾ ഉൾപ്പെടെ പണിതു കൊണ്ടുള്ള തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിലാണ് കൂട്ടുപുഴ പാലവും യാഥാർഥ്യമായത്. കർണാടക സർക്കാരിലും നാഷനൽ വൈൽഡ് ലൈഫ് ബോർഡിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എംപവേഡ് കമ്മിറ്റിയിലും ഉൾപ്പെടെ ആയി കേരളം നടത്തിയ 3 വർഷത്തോളം ദീർഘിച്ച പരിശ്രമങ്ങൾക്ക് ഒടുവിലാണ് 2020 ഡിസംബർ 24 നു പാലം പണി പുനരാരംഭിക്കാനുള്ള അനുമതി ലഭിച്ചത്.

5 സ്പാൻ ഉള്ള പാലത്തിന്റെ 3 സ്പാൻ വാർപ് തുടർന്നാണു പൂർത്തിയാക്കിയത്. പണി മുടങ്ങിയതു മൂലമുള്ള പ്രതിസന്ധികൾ മലയാള മനോരമ തുടർ വാർത്ത പരമ്പരകൾ വഴി അധികൃതരുടെ മുന്നിലെത്തിച്ചു. സണ്ണി ജോസഫ് എംഎൽഎയുടെയും സർക്കാരിന്റെയും നേതൃത്വത്തിലുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് അതിർത്തി പങ്കിടുന്ന വീരാജ്പേട്ട എംഎൽഎ കർണാടക മുൻ സ്പീക്കർ കെ.ജി.ഭൊപ്പയ്യ അനുകൂലമായി നില കൊണ്ടതും നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു.

"കൂട്ടുപുഴ പാലം പണി പൂർത്തീകരിച്ചതിൽ ആഹ്ലാദം ഉണ്ട്. ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിനായി ശ്രമിക്കും. ഔദ്യോഗിക നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ കെഎസ്ടിപി ഉന്നത അധികൃതരിലും സർക്കാരിലും ഇടപെടും." - സണ്ണി ജോസഫ് എംഎൽഎ

"കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായതായി ചീഫ് എൻജിനീയറെ അറിയിച്ചിട്ടുണ്ട്. കൺസൽറ്റൻസിയും നിർദേശം സമർപ്പിച്ചിട്ടുണ്ട്." - ഷാജി തയ്യിൽ, എക്സിക്യൂട്ടീവ് എൻജിനീയർ, കെഎസ്ടിപി

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com