സബ് റജിസ്ട്രാർ ഓഫിസിൽ എത്തുന്നവരുടെ ദുരിതം എന്നു തീരും?
Mail This Article
ശ്രീകണ്ഠപുരം∙സബ് റജിസ്ട്രാർ ഓഫിസിൽ എത്തുന്നവർ ദുരിതം കാരണം വലയുന്നു. ഇവിടെ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ആളുകൾക്ക് വാഹനം പാർക്ക് ചെയ്യാൻ പോയിട്ട് ഒന്നു തിരിക്കാൻ പോലും സ്ഥലം ഇല്ല. ആളുകളെ ഓഫിസിനു മുൻപിൽ ഇറക്കി 200 മീറ്ററോളം റിവേഴ്സ് പോയിട്ടു വേണം വണ്ടി തിരിക്കാൻ അടുത്ത കാലം വരെ ഇതിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വാഹനങ്ങൾ കയറ്റി തിരിക്കുകയും പാർക്കു ചെയ്യുകയും ആകാമായിരുന്നു.
എന്നാൽ അവർ മതിൽ കെട്ടിയതോട ഓഫിസിൽ എത്തുന്നവരുടെ ദുരിതം ഇരട്ടിച്ചു. ഓഫിസിലെ ജീവനക്കാരുടെ വാഹനങ്ങൾ പോലും പാർക്ക് ചെയ്യുന്നത് തൊട്ടടുത്ത വീട്ടുമുറ്റത്താണ്. തുള്ളി ദാഹജലം പോലും കിട്ടാത്ത കുന്നിൻ മുകളിലാണ് ദിവസേന പ്രായമായവർ അടക്കം നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന സബ് റജിസ്ട്രാർ ഓഫിസ്.
ഇവിടെ എത്തിച്ചേരാനുള്ള ഇടുങ്ങിയ റോഡിന്റെ അവസ്ഥ അതിലും ദയനീയം. ടൗണിൽ നിന്നു 2 കിലോമീറ്ററോളം അകലെ ആണ് ഇത്രയും പ്രധാനപ്പെട്ട ഓഫിസ് സ്ഥിതി ചെയ്യുന്നത്. വാഹനത്തിൽ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഒരു ഓഫിസിന്റെ മുൻപിലാണ് വാഹനം തിരിക്കാൻ പോലും സൗകര്യമില്ലാതെ കഷ്ടപ്പെടേണ്ടി വരുന്നത്. ഏതെങ്കിലും വിധത്തിൽ ഇവിടെ എത്തിച്ചേർന്നാൽ തിരിച്ച് ഈ ദൂരമത്രയും നടന്നു പോയാൽ മാത്രമേ ടൗണിൽ എത്താൻ കഴിയൂ.
അടുത്ത് ഓട്ടോ, ടാക്സി സ്റ്റാൻഡോ, ബസ് റൂട്ടോ ഇല്ല.പരേതനായ ഡോ.പി.കെ.പി.മഹമൂദ് സൗജന്യമായി നൽകിയ സ്ഥലമാണിത്. ഇവിടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം. വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കണമെന്നും അതിനു സാധ്യമല്ലെങ്കിൽ ഓഫിസ് ഇവിടെ നിന്നു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.