കെ റെയിൽ: കണ്ണൂർ സ്റ്റേഷൻ നിലവിലെ റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്ത്, ഡിപിആർ വിവരങ്ങളിങ്ങനെ...
Mail This Article
കണ്ണൂർ ∙ കെ റെയിലിന്റെ കണ്ണൂരിലെ റെയിൽവേ സ്റ്റേഷൻ വരുന്നത് നിലവിലെ സ്റ്റേഷന്റെ കിഴക്കു വശത്ത്. ഇന്നലെ പുറത്തുവന്ന വിശദമായ പദ്ധതിരേഖയിലെ (ഡിപിആർ) വിവരങ്ങൾ പ്രകാരമാണിത്. താവക്കരയിലെ കണ്ണൂർ സർവകലാശാല ക്യാംപസിനു പടിഞ്ഞാറു വശത്തുകൂടിയാണ് പാത നഗരത്തിലേക്ക് എത്തുന്നത്. നിലവിലെ റെയിൽവേ ട്രാക്കിനു സമാന്തരമായി അതിന്റെ കിഴക്കു വശത്തായാണ് സിൽവർ ലൈൻ പാത. ആശിർവാദ് ആശുപത്രി മുതൽ പ്രസ് ക്ലബ്ബിനു സമീപം വരെയുള്ള ഭാഗത്താണ് കണ്ണൂരിലെ സ്റ്റേഷൻ വരുന്നത്.
ടൗൺ പൊലീസ് സ്റ്റേഷൻ, ആംഡ് റിസർവ് പൊലീസിന്റെ കണ്ണൂരിലെ ആസ്ഥാനം (എആർ ക്യാംപ്), പൊലീസ് സഹകരണ സൊസൈറ്റി കെട്ടിടവും പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളും നിൽക്കുന്ന ഭാഗം എന്നിവയെല്ലാം ഉൾപ്പെടുന്ന തരത്തിലാണ് റെയിൽവേ സ്റ്റേഷന്റെ സ്ഥലം ഡിപിആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നഗരമധ്യത്തിലായതും നിലവിലെ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ എന്നിവയുടെ സാമീപ്യവും യാത്രക്കാർക്കു ഗുണകരമാകുമെന്നും ഡിപിആർ പറയുന്നു.
സ്റ്റേഷൻ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പൊലീസിന്റെ കെട്ടിടങ്ങളായതിനാൽ പൊളിച്ചുനീക്കാനോ ഏറ്റെടുക്കാനോ സർക്കാർ പാടുപെടേണ്ടിവരില്ല. റെയിൽവേക്ക് നിലവിൽ കിഴക്കേ കവാടത്തിന്റെ ഭാഗത്തുള്ള പാർക്കിങ് സ്ഥലവും പഴയ റെയിൽവേ ക്വാർട്ടേഴ്സുകൾ നിൽക്കുന്ന ഭാഗവും സിൽവർ ലൈനിന്റെ സ്റ്റേഷൻ നിർമാണത്തിനായി ഏറ്റെടുക്കേണ്ടിവരും. താവക്കരയിലെ നിലവിലെ റെയിൽവേ മേൽപാലത്തിനു സമാന്തരമായി മറ്റൊരു മേൽപാലത്തിലൂടെയാണ് ലൈൻ ഈ ഭാഗത്തേക്ക് എത്തുന്നത്.
തുടർന്നു നിലവിലെ റെയിൽവേ കോളനി റോഡിനു സമാന്തരമായി പൊലീസ് ക്വാർട്ടേഴ്സുകളുള്ള ഭാഗത്തുകൂടി പ്രസ് ക്ലബ് കെട്ടിടമുള്ള ഭാഗവും കടന്ന് മുന്നോട്ടു പോകും. സിൽവർ ലൈൻ പാതയിലെ 11 സ്റ്റേഷനുകളിൽ 7 സ്റ്റേഷനുകൾ എ ക്ലാസ് സ്റ്റേഷനുകളായിരിക്കുമെന്നും ഡിപിആർ പറയുന്നു. കണ്ണൂർ, കാസർകോട് സ്റ്റേഷനുകൾ എ ക്ലാസ് ആയിരിക്കും. 11.32 മീറ്റർ വീതിയും 410 മീറ്റർ നീളവുമുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് കണ്ണൂർ കെ റെയിൽ സ്റ്റേഷനായി നിർമിക്കുക. റോറോ സേവനം ലഭ്യമാക്കാനുള്ള സൗകര്യം യാത്രാ സ്റ്റേഷനിൽ നിന്ന് അൽപം മാറി സജ്ജമാക്കും. 212 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.