സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത; കൂട്ടുപുഴ പാലം 31ന് തുറക്കും
Mail This Article
ഇരിട്ടി∙ സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത. കൂട്ടുപുഴ പാലം 31ന് 10.30 നു മന്ത്രി മുഹമ്മദ് റിയാസ് ഗതാഗതത്തിനു തുറന്നു കൊടുക്കും. തലശ്ശേരി എരഞ്ഞോളി പാലം ഉദ്ഘാടനത്തിനു മുൻപ് കൂട്ടുപുഴയിൽ എത്തി പുതിയ പാലം തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ പുതുവർഷ ദിനത്തിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികളെ അറിയിച്ചില്ലെന്ന പരാതി കുടകിൽ നിന്ന് ഉയർന്നതിനെ തുടർന്നു മാറ്റുകയായിരുന്നു. 31 ലെ ഉദ്ഘാടനം കർണാടകയിലെ ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
4 വർഷവും 4 മാസവും നീണ്ട കാത്തിരിപ്പിന് ഒടുവിൽ നിർമാണം പൂർത്തിയായ കൂട്ടുപുഴ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാത്തതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ മാസം 27 നു പണി പൂർത്തിയായി. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽ പെടുത്തിയാണു കൂട്ടുപുഴ പാലം പണിതത്. 5 സ്പാനിൽ ആണു 84 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം പണിതത്. 18 മീറ്ററിന്റെ 4 സ്പാനുകളും 12 മീറ്ററിന്റെ 1 സ്പാനുമാണു ഉള്ളത്. 2 വശത്തും സമീപന റോഡും പണിതു. നടപ്പാത, അടയാളപ്പെടുത്തൽ, റോഡ് സ്റ്റഡ്സ്, സൈൻ ബോർഡുകൾ, സോളർ വഴിവിളക്ക് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.