വടക്കേ മലബാറിന് ലഭിച്ച മെമു ട്രെയിനിന് വൻ വരവേൽപ്
Mail This Article
കണ്ണൂർ ∙ മംഗളൂരുവിലേക്കു സർവീസ് ആരംഭിച്ച 3 ഫേസ് മെമുവിനു വടക്കേ മലബാറിൽ വൻ വരവേൽപ്. ഏറെനാളത്തെ കാത്തിരിപ്പിനും മുറവിളികൾക്കും ഒടുവിൽ എത്തിയ മെമുവിനു സ്വീകരണമൊരുക്കാൻ അവധി ദിവസമായിട്ടും യാത്രക്കാർ മത്സരിച്ചു. ബലൂണും പൂമാലകളുമിട്ട് അലങ്കരിച്ചും മധുരം വിതരണം ചെയ്തുമെല്ലാം ആവേശം പങ്കിടുകയായിരുന്നു യാത്രക്കാർ. സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ ജീവനക്കാരും ഒപ്പം ചേർന്നു. ലോക്കോ പൈലറ്റ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി എസ്.ആർ.രാജേഷ് ബാബുവിനെയും അസി. ലോക്കോ പൈലറ്റ് ജാർഖണ്ഡ് സ്വദേശി പ്രകാശ്റാമിനെയും പൂമാലയിട്ടാണു സ്വീകരിച്ചത്.
ഇവർക്കും ഗാർഡ് എങ്കപ്പയ്ക്കും മധുരം നൽകി. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമുവിന്റെ മാതൃകയിലുള്ള കേക്ക് മുറിച്ചായിരുന്നു മധുര വിതരണം. കൃത്യം 7.40നു ട്രെയിൻ പുറപ്പെട്ടു. വൃത്തിയുള്ള, കാറ്റും വെളിച്ചവും കടക്കുന്ന മനോഹരമായ മെമു റേക്ക് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാർ. സുരക്ഷാ ക്യാമറകൾ, എൽഇഡി ലൈറ്റുകൾ, ചാരിയിരിക്കാവുന്ന സീറ്റുകൾ, പ്രത്യേകതകൾ ഓരോന്നും ചർച്ചകളിൽ നിറഞ്ഞു.
10.50നു മംഗളൂരുവിൽ എത്തിയ ട്രെയിൻ വൈകിട്ട് 5.05ന് മംഗളൂരുവിൽ നിന്നു തിരിച്ച് 8.40നു കണ്ണൂരിൽ എത്തി. അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ആയാണ് മെമു സർവീസ്. വളപട്ടണത്തും കണ്ണപുരത്തും പയ്യന്നൂരിലും നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസർകോട്ടും മംഗളൂരുവിലുമെല്ലാം യാത്രക്കാരുടെയും ബിജെപിയുടെയും നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിരുന്നു. കണ്ണൂരിൽ എൻഎംആർപിസി ഒരുക്കിയ സ്വീകരണത്തിന് ചെയർമാൻ റഷീദ് കവ്വായി, ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, കെ.ജയകുമാർ,
വിജയൻ കൂട്ടിനേഴത്ത്, രമേശൻ പനച്ചിയിൽ, കെ.പി.രാമകൃഷ്ണൻ, കെ.വി.സത്യപാലൻ, ചന്ദ്രൻ മന്ന, പി.വിജിത്ത് കുമാർ, മനോജ് കൊറ്റാളി, സൗമി ഇസബൽ, രാധാകൃഷ്ണൻ കടൂർ, പി.മുഹമ്മദ് കുഞ്ഞി, എ.ഭരതൻ തുടങ്ങിയവർ നേതൃത്വം നൽകി. ബിജെപി സ്വീകരണത്തിന് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ്, മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തേ പാസഞ്ചറുകൾ നിർത്തിയിരുന്ന ചിറക്കൽ, ചന്ദേര, കളനാട് ഹാൾട്ട് സ്റ്റേഷനുകളിൽ എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ നിർത്തുന്നില്ല. മെമു ഈ സ്റ്റേഷനുകളിൽ നിർത്തണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
ഹാൾട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് വേണം
നേരത്തേ പാസഞ്ചറുകൾ നിർത്തിയിരുന്ന ചിറക്കൽ, ചന്ദേര, കളനാട് ഹാൾട്ട് സ്റ്റേഷനുകളിൽ എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ നിർത്തുന്നില്ല. മെമു ഈ സ്റ്റേഷനുകളിൽ നിർത്തണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
എ.രേണുക, പി.മൃദുല, കെ.വേലായുധൻ (ഏഴിമല കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരായ ഇവർ ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരാണ്)
"മറ്റു റെയിൽവേ ഡിവിഷനുകളിലെ യാത്രക്കാർക്കു മാത്രം ലഭിച്ചിരുന്ന സൗകര്യം ഇവിടെയും ലഭ്യമാകുന്നതിൽ വളരെയേറെ സന്തോഷം. കണ്ണൂർ മുതൽ ഏഴിമല വരെ പതിവായി പാസഞ്ചറിലും എക്സ്പ്രസിലുമായി യാത്ര ചെയ്യുമ്പോൾ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾക്ക് മെമു വരുന്നതോടെ മാറ്റം വന്നു. സ്റ്റേഷൻ വിടുമ്പോൾ സ്വയം അടയുന്ന തരത്തിലുള്ള വാതിലുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമായേനെ."
മുഹമ്മദ് അസ്‌ലം, പാപ്പിനിശ്ശേരി
"ആശുപത്രി ആവശ്യത്തിനും മറ്റും ഇടയ്ക്കെല്ലാം പഴയ പാസഞ്ചർ കോച്ചിൽ യാത്ര ചെയ്യാറുണ്ട്. മെമു കോച്ചിലെ യാത്ര വളരെ സുഖപ്രദമാണ്."
എസ്.സജിത് കുമാർ, റെയിൽവേ സ്റ്റേഷൻ മാനേജർ, കണ്ണൂർ
"യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യം യാഥാർഥ്യമാകുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. മെമു ലഭിച്ചതു വടക്കേ മലബാറിലെ റെയിൽവേ വികസനത്തിന്റെ നാഴികക്കല്ലുകളിൽ ഒന്നാണ്. കൂടുതൽ മെമു റേക്കുകൾ ലഭിക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാകാനും ഇതു വഴിയൊരുക്കും."