ഇ ബുൾ ജെറ്റ്: റജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ...
Mail This Article
തലശ്ശേരി∙ വിവാദമായ ഇ ബുൾ ജെറ്റ് കേസിൽ മോട്ടർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വ്ലോഗർമാരുടെ വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിങ്ങുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ട വിരുദ്ധമായുള്ള ഫിറ്റിങ്ങുകൾ അതേ വർക് ഷോപ്പിൽ കൊണ്ടുപോയി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ തിരിച്ച് കൊണ്ടുവന്നു പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവായത്.
വാഹനം വിട്ടു കിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടിൽ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഉടമയുടെ സ്വന്തം ചെലവിൽ അനധികൃത ഫിറ്റിങ്ങുകൾ നീക്കണം. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ട് സമർപ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. 6 മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിന്റെ റജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ നടപടിക്രമങ്ങൾ പാലിക്കണമെന്നും ഉത്തരവായി.