ഒരുകോടിയുടെ ലഹരിമരുന്ന് വേട്ട; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ
Mail This Article
കണ്ണൂർ∙ ബെംഗളൂരുവിൽ നിന്നു പാഴ്സലായി എത്തിച്ച 1.950 കിലോഗ്രാം എംഡിഎംഎയും 67 ഗ്രാം ബ്രൗൺഷുഗറും 7.5 ഗ്രാം കറുപ്പും സഹിതം ദമ്പതികളെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് ഡാഫോഡിൽസ് വില്ലയിൽ ബൽക്കീസ് (28), ഭർത്താവ് കൊയ്യോട് തൈവളപ്പിൽ വീട്ടിൽ അഫ്സൽ (37) എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലയിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ലഹരിക്കടത്തു കേസാണിത്.
പിടിയിലായവരുടെ ചില ബന്ധുക്കളടക്കമുള്ളവർക്കു ലഹരിക്കടത്തിൽ ബന്ധമുണ്ടെന്നു സംശയിക്കുന്നതായും ബെംഗളൂരു ബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നതായും സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് ഒരു കോടി രൂപയിലധികം വിലവരുമെന്നു കരുതുന്നു. എടക്കാട് പൊലീസ് നേരത്തെ റോഡരികിൽ നിന്ന് 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ പ്രതിയാണു ബൽക്കീസെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
ബെംഗളൂരുവിൽ നിന്നുള്ള ബസുകളിലെ പാഴ്സലുകൾക്കിടയിൽ ലഹരിമരുന്നു കടത്തുന്നതായും യുവതിയടക്കമുള്ള സംഘമാണു പാഴ്സലുകൾ ഏറ്റുവാങ്ങി ലഹരിമരുന്നു വിതരണം ചെയ്യുന്നത് എന്നും വിവരം ലഭിച്ചിരുന്നു. പാഴ്സൽ തെക്കിബസാറിലെ ഓഫിസിൽ നിന്ന് ബൽക്കീസ് എത്തി ഏറ്റുവാങ്ങിയ ഉടൻ, സ്ഥലത്തു കാത്തുനിന്ന പൊലീസ് സംഘം പിടികൂടുകയായിരുന്നു.