സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്: മേയ് 31നു മുൻപ് നിർമാണം പൂർത്തിയാക്കും
Mail This Article
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിൽ കിഫ്ബി സംഘത്തിന്റെ പരിശോധന. നിർമാണം അനന്തമായി നീളുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മനോരമ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നായിരുന്നു അടിയന്തര ഇടപെടൽ. ചീഫ് ടെക്നിക്കൽ അഡ്വൈസർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കിഫ്ബി സംഘം കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും കണ്ടു. പ്രവൃത്തിക്കു മേൽനോട്ടം വഹിക്കുന്ന ബിഎസ്എൻഎലിന്റെ സൂപ്രണ്ടിങ് എൻജിനീയർ ജയകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ.രാജീവൻ, ഡപ്യൂട്ടി ഡിഎംഒ ഡോ. രാജേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
അവലോകന യോഗത്തിൽ മേയ് 31നു മുൻപ് നിർമാണം പൂർത്തിയാക്കി ആശുപത്രിക്ക് കൈമാറുമെന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും പ്രവൃത്തി കരാറെടുത്ത പി ആൻഡ് സി പ്രോജക്ട്സ് ഉദ്യോഗസ്ഥരും വാഗ്ദാനം നൽകി. മഴയ്ക്കു മുൻപേ കെട്ടിടം പൂർണ സജ്ജമായി വിട്ടുകിട്ടിയില്ലെങ്കിൽ ആശുപത്രി പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. രണ്ടു വർഷംകൊണ്ടു പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ 2019 ജൂൺ അഞ്ചിനായിരുന്നു 61.72 കോടി രൂപയുടെ പ്രവൃത്തി തുടങ്ങിയത്.
ബിഎസ്എൻഎലിന്റെ മേൽനോട്ടത്തിൽ ഈറോഡ് ആസ്ഥാനമായ പി ആൻഡ് സി പ്രോജക്ട്സ് ആണ് കരാറെടുത്തത്. നിർമാണ കാലാവധി 2021 ജൂൺ 4ന് അവസാനിക്കേണ്ടതായിരുന്നു. കോവിഡ് സാഹചര്യത്തിൽ ആറു മാസംകൂടി നീട്ടിക്കൊടുത്തു. ഡിസംബറിൽ പൂർത്തിയാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ കഴിഞ്ഞ നവംബർ 19ന് മന്ത്രി വീണാ ജോർജ് ജില്ലാ ആശുപത്രി സന്ദർശിക്കാനെത്തി. ഫെബ്രുവരിയിൽ 28ന് നിർമാണം പൂർത്തിയാക്കി കെട്ടിടം കൈമാറണം എന്നായിരുന്നു മന്ത്രിയുടെ നിർദേശം. രണ്ടുതവണ തീയതി നീട്ടിനൽകിയ സാഹചര്യത്തിൽ ഇനി ഇളവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.ശ്രീറാം വെങ്കിട്ടരാമനും ഇവരുമായി ചർച്ച നടത്തി. ഇതും നടപ്പാകാത്ത സാഹചര്യത്തിലായിരുന്നു മനോരമ ഇക്കാര്യം ചൂണ്ടിക്കാട്ടി വാർത്ത നൽകിയത്. ഇലക്ട്രിക്കൽ പാനലുകൾ സ്ഥാപിക്കൽ, ടൈൽ പതിക്കൽ, പെയിന്റിങ് തുടങ്ങി ഒട്ടേറെ ജോലികൾ ബാക്കിയുണ്ട്. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സർജിക്കൽ ബ്ലോക്ക് എന്നിവയാണ് മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമിക്കുന്നത്. സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ മറ്റു ജോലികൾ തുടങ്ങാൻ സാധിച്ചിട്ടില്ല.