ഇരിട്ടി ഇക്കോ പാർക്ക് നിർമാണം അന്തിമഘട്ടത്തിൽ
Mail This Article
ഇരിട്ടി ∙ പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ നിർമിക്കുന്ന ഇരിട്ടി ഇക്കോ പാർക്കിന്റെ നിർമാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ. 18നു പാർക്കിന്റെ ഉദ്ഘാടനം നടത്തുന്നതിനുള്ള ഒരുക്കങ്ങളാണു നടക്കുന്നത്. പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ 10 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുങ്ങുന്നത്. ചെറിയ ഉദ്യാനം, ടൂറിസ്റ്റുകൾക്ക് ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ശുചിമുറികൾ എന്നിവ ഒരുക്കുന്നതിന്റെ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പഴശ്ശി പദ്ധതിക്കായി അക്വയർ ചെയ്യപ്പെട്ട ഭൂമിയിൽ വെള്ളം കയറാത്ത ഈ പ്രദേശം 30 വർഷങ്ങൾക്കു മുൻപു വനം വകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗത്തിനു കൈമാറിയിരുന്നു.
1988ൽ മഹാത്മാഗാന്ധിയുടെ പേരിൽ പാർക്ക് സ്ഥാപിക്കുകയും ചെയ്തു. സംരക്ഷിപ്പെടാതെ 2 വർഷം കൊണ്ട് പാർക്ക് നശിച്ചു. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കൈവശമുള്ള 10 ഏക്കർ ഭൂമിയിൽ പകുതിയോളം ഭാഗത്ത് അക്കേഷ്യ മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള ഭാഗത്തു പഴയ പാർക്ക് നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ ഇക്കോ പാർക്കിന്റെ നിർമാണം നടക്കുന്നത്. ബാക്കി ഭാഗം കൂടി ഉപയോഗപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ഏതു വേനലിലും കുളിരു പകർന്ന് വൻമരങ്ങൾ തണലു വിരിച്ചു നിൽക്കുന്ന മനോഹരമായ ഭൂപ്രകൃതിയുള്ള സ്ഥലമാണ് ഇവിടം. വൻമരങ്ങളെല്ലാം അതേപടി നിലനിർത്തി അടിക്കാടുകൾ വെട്ടിത്തെളിയിച്ച് പാർക്കിനകത്തു നടപ്പാതകൾ നിർമിച്ചു. കഫറ്റേരിയകളും ഐസ്ക്രീം പാർലറുകളും മറ്റും ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതോടൊപ്പം പൊതുപരിപാടികളും മറ്റും സംഘടിപ്പിക്കുന്നതിന് ഒരു ഓപ്പൺ ഓഡിറ്റോറിയത്തിനുള്ള നിർദേശവും പദ്ധതിയുടെ ഭാഗമായുണ്ട്. പായം പഞ്ചായത്തിന്റെയും മേൽനോട്ടത്തിൽ ജനകീയ കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പെരുമ്പറമ്പിൽ ഇക്കോ പാർക്ക് വരുന്നതോടെ സമീപ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾക്കു ജീവൻ വയ്ക്കും. ഇരിട്ടി - എടക്കാനം - പഴശ്ശി പദ്ധതി റോഡിനോടു ചേർന്നു കിടക്കുന്ന സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ കയ്യിലുള്ള വള്ള്യാട് സഞ്ജീവനി വനവും തൊട്ടു കിടക്കുന്ന 15 ഏക്കറോളം വരുന്ന അകംതുരുത്തി ദ്വീപിന്റെയും ടൂറിസം സാധ്യത ഉപയോഗപ്പെടുത്താൻ സാധിക്കും. നിർദിഷ്ട വൻകിട ടൂറിസം പദ്ധതിയായ പടിയൂർ ടൂറിസം പദ്ധതിയുമായി ഇവയെ ചേർത്തു മേഖലയെ ജില്ലയുടെ ടൂറിസം ഹബ്ബാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.