ADVERTISEMENT

കണ്ണൂർ∙ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിനെ നയിക്കാൻ ഇ.പി.ജയരാജൻ. ഇവരുടെയെല്ലാം കടുത്ത രാഷ്ട്രീയ എതിരാളി കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും. കക്ഷിരാഷ്ട്രീയത്തിലെ തീവ്രത കൊണ്ടു ശ്രദ്ധേയമായ കണ്ണൂർ ജില്ലയ്ക്ക് ഇനിയെന്തു വേണം?  ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനറാകുന്നതോടെ, സംസ്ഥാന രാഷ്ട്രീയത്തിൽ ജില്ലയുടെ ഗ്രാഫ് ഒന്നു കൂടി ഉയരുകയാണ്. സിപിഎം രാഷ്ട്രീയത്തിൽ നേരത്തെ തന്നെ പിടിമുറുക്കിയ ജില്ലയാണു കണ്ണൂർ.

പക്ഷേ, മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി കൺവീനർ എന്നിങ്ങനെ 3 നിർണായക സ്ഥാനങ്ങളിലും കണ്ണൂരുകാരെന്നല്ല, ഒരേ ജില്ലക്കാർ വരുന്നത് ഒരുപക്ഷേ, ഇതാദ്യമായിരിക്കും. പാർട്ടിക്കകത്തെ പ്രക്ഷുബ്ധ കാലത്ത്, പിണറായി വിജയനൊപ്പം നിലയുറപ്പിച്ചവരാണു കോടിയേരി ബാലകൃഷ്ണനും ഇ.പി.ജയരാജനും. ചെറിയ ഇടവേളയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തിയതിനു തൊട്ടുപിറകെയാണ് ഇടതുമുന്നണി കൺവീനർ സ്ഥാനത്തേക്ക് പിണറായിയുടെ മറ്റൊരു വിശ്വസ്തനായ ഇ.പി.ജയരാജൻ എത്തുന്നത്.

കണ്ണൂരിൽ സമാപിച്ച പാർട്ടി കോൺഗ്രസിൽ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്വം ഇ.പി.ജയരാജൻ നിലനിർത്തിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി.ജയരാജന്റെ സാന്നിധ്യം, സിൽവർലൈൻ വേഗറെയിൽ പദ്ധതിയിലടക്കം പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടുകൾ വിശദീകരിക്കാൻ പിണറായി വിജയനു സഹായകരമാകും. പദ്ധതിയിലെ സിപിഎം നിലപാട് ഇടതുമുന്നണിയിൽ അവതരിപ്പിക്കാനും സിപിഐയെ അടക്കം പദ്ധതിയുടെ ലൈനിലേക്കു കൊണ്ടുവരാനും എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇ.പി.ജയരാജനെ പോലുള്ള നേതാവിന്റെ സാന്നിധ്യം ഉപകരിക്കുമെന്നാണു വിലയിരുത്തൽ.

തിരഞ്ഞെടുപ്പിൽ മാറ്റിനിർത്തിയ ഇ.പി.ജയരാജന് അർഹമായ സ്ഥാനം നൽകാനും ഇതിലൂടെ പിണറായിക്കു കഴിഞ്ഞു. ജില്ലയിലെ 3 പ്രമുഖ നേതാക്കളും ചേർന്ന്, പ്രത്യേകിച്ച് സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിൽ, കണ്ണൂർക്കാരൻ തന്നെയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ എങ്ങനെ നേരിടുമെന്നതു സംസ്ഥാന രാഷ്ട്രീയത്തിൽ അടുത്ത ദിവസങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടും. ഇ.പി.ജയരാജനും കെ.സുധാകരനും തമ്മിലുള്ള രാഷ്ട്രീയവൈരം ഏറെ ചർച്ച ചെയ്യപ്പെട്ടതുമാണ്. ഇനി, സംസ്ഥാന രാഷ്ട്രീയത്തിലെ വെടിക്കെട്ടുകൾക്ക് കണ്ണൂരുകാർ തന്നെ തിരി കൊളുത്തുമെന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com