സ്കൂളുകളിൽ പരിശോധന തുടങ്ങി
Mail This Article
കണ്ണൂർ ∙ സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകളിൽ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധന നടത്തി. സ്‌കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കി ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കുകയാണു പരിശോധനയുടെ ലക്ഷ്യം. അഴീക്കോട് സ്കൂളിലെത്തിയ സംഘം പാചകപ്പുരയും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന സ്ഥലവും ഭക്ഷണശാലയും പരിശോധിച്ചു.
ജില്ലയിലെ എല്ലാ അധ്യാപകർക്കും സ്‌കൂൾ പാചകശാലയിൽ നിന്നു ഭക്ഷണം കഴിക്കാൻ നിർദേശം നൽകുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ സ്കൂളുകളിൽ പരിശോധന നടത്തും. തദ്ദേശസ്ഥാപന ജനപ്രതിനിധികൾ സ്കൂൾ ഭക്ഷണ വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണമെന്നും നിർദേശിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.സരള, യു.പി.ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ്, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ.സി.വിനോദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ പി.വി.പ്രദീപൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. അഴീക്കോട് സ്‌കൂളിന്റെ ഭക്ഷണ വിതരണ സംവിധാനത്തിൽ തൃപ്തി രേഖപ്പെടുത്തിയ സംഘം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണു മടങ്ങിയത്.