150 കോടിയുടെ വിപണനം ലക്ഷ്യമിട്ട് ഖാദി
Mail This Article
പയ്യന്നൂർ ∙ ഖാദി മേഖലയിൽ ഈ സാമ്പത്തിക വർഷം 150 കോടി രൂപയുടെ വിപണനം നടത്തുമെന്നു ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ നവീകരിച്ച റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി ജൂലൈ മുതൽ ഖാദി ബോർഡിനു കീഴിലുള്ള 150 ഔട്‌ലെറ്റുകൾ സജീവമാകും. ഖാദി പരുക്കൻ തുണിയെന്നാണു പലരുടെയും ധാരണ. അതു ശരിയല്ല. പുതിയ ഡിസൈൻ വസ്ത്രങ്ങൾ ഖാദിയിലുണ്ട്. നവീകരണം നടപ്പായില്ലെങ്കിൽ ഖാദി പ്രസ്ഥാനം ഇല്ലാതാകും. ഖാദിക്ക് നല്ല മാർക്കറ്റുണ്ട്.
സർക്കാർ ജീവനക്കാരും സഹകരണ ജീവനക്കാരും ഖാദിക്കൊപ്പമുണ്ട്. 150 കോടിയുടെ വിപണി ലക്ഷ്യമിട്ടുള്ള പ്രവർത്തന ഭാഗമായി ഓഗസ്റ്റ് 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഖാദി വിപണനമേള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ജയരാജൻ പറഞ്ഞു. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.സി.മാധവൻ നമ്പൂതിരി, യൂണിയൻ നേതാക്കളായ കെ.യു.രാധാകൃഷ്ണൻ, എൻ.ഗംഗാധരൻ, ജെഎഒ ഷേർളി ദേവസ്യ എന്നിവർ പ്രസംഗിച്ചു. ഇത്തവണ ഓണം വിപണിയിൽ ഖാദി പാന്റ്സ് ഇറക്കുമെന്ന് വൈസ് ചെയർമാൻ പി.ജയരാജൻ അറിയിച്ചു.
പയ്യന്നൂർ കേന്ദ്രത്തിൽ നിന്നാണ് ആദ്യം പാന്റ്സ് വിപണിയിലെത്തിക്കുക. ഒപ്പം കുട്ടിക്കുപ്പായവും വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ്. റെഡിമെയ്ഡ് ഗാർമെന്റ്സ് യൂണിറ്റ് നവീകരിച്ചത് 43.50 ലക്ഷം രൂപ ചെലവിട്ടാണ്. ആദ്യപടിയായി ലഭിച്ച 22 ലക്ഷം രൂപ കൊണ്ട് കെട്ടിടം നവീകരിക്കുകയും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. പിന്നീട് ലഭിച്ച 21.50 ലക്ഷം രൂപ ചെലവഴിച്ച് തയ്യൽ മെഷീനുകളും കട്ടിങ്, അയേൺ, പാക്കിങ് സംവിധാനങ്ങൾ ഒരുക്കി. പുതിയ സംവിധാനത്തിൽ കട്ടിങ് യൂണിറ്റിൽ 40 ലെയർ ഒരുമിച്ച് കട്ട് ചെയ്തെടുക്കാം.