മട്ടന്നൂർ നിലനിർത്തി എൽഡിഎഫ് ; നില മെച്ചപ്പെടുത്തി യുഡിഎഫ്
Mail This Article
മട്ടന്നൂർ∙ നഗരസഭയുടെ ആറാമത് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. നേരിയ വോട്ട് വ്യത്യാസത്തിനു യുഡിഎഫ് 4 സീറ്റിൽ പരാജയപ്പെട്ടതിനാൽ ഭരണ മാറ്റത്തിനുള്ള അവസരം നഷ്ടമായി. ആകെയുള്ള 35 സീറ്റിൽ എൽഡിഎഫ് 21 സീറ്റും യുഡിഎഫ് 14 സീറ്റും നേടി. കഴിഞ്ഞ തവണ 7 സീറ്റ് മാത്രമായിരുന്ന യുഡിഎഫിന് ഇത്തവണ ഇരട്ടിയായി വർധിച്ചു. നിലവിലെ ഭരണ സമിതി അംഗങ്ങളിൽ എൽഡിഎഫിലെ 5 പേരും യുഡിഎഫിലെ 2 പേരും പരാജയപ്പെട്ടു.
നിലവിലുള്ള എൽഡിഎഫ് കൗൺസിലർമാരിൽ 4 പേർ വീണ്ടും വിജയിച്ചു. 2012ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 14 സീറ്റ് നേടാൻ കഴിഞ്ഞിരുന്നു. 2017ൽ വാർഡ് വിഭജനത്തെ തുടർന്ന് യുഡിഎഫിന്റെ വിജയസാധ്യതയുള്ള വാർഡുകൾ മാറ്റി മറിച്ചതിനാൽ സീറ്റ് ഏഴായി ചുരുങ്ങുകയുണ്ടായി. ഇത്തവണ വാർഡിൽ മാറ്റം വരുത്താതെ തന്നെ 14 സീറ്റ് നേടാനായത് മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു. മുണ്ടയോട് വാർഡ് 4 വോട്ടിനാണ് യുഡിഎഫിനു കൈവിട്ടു പോയത്.
നാലാങ്കേരി, കയനി, കോളാരി വാർഡുകളിൽ കേവല വോട്ടുകൾക്ക് സീറ്റ് നഷ്ടമായി. മട്ടന്നൂർ ടൗൺ വാർഡിൽ ബിജെപി ഇത്തവണയും രണ്ടാം സ്ഥാനത്ത് തുടർന്നപ്പോൾ എൽഡിഎഫിന്റെ വോട്ട് ഗണ്യമായി കുറഞ്ഞു. കോളാരി, കായലൂർ, കരേറ്റ വാർഡുകളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തായിരുന്ന മേറ്റടിയിൽ ഇത്തവണ മൂന്നാം സ്ഥാനത്തായി. മിനി നഗർ വാർഡിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിച്ച മുൻ ലീഗ് നേതാവ് രണ്ടാം സ്ഥാനത്ത് എത്തുകയും എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്താവുകയും ചെയ്തു.
വി.എൻ.മുഹമ്മദാണ് വിജയിച്ചത്. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനും നാലാം തവണ സ്ഥാനാർഥിയുമായ വി.പി.ഇസ്മായിൽ ഇവിടെ പരാജയപ്പെടുകയും മൂന്നാം സ്ഥാനത്താകുകയും ചെയ്തു. യുഡിഎഫ് കുത്തൊഴുക്കിന് മുന്നിൽ 8 സീറ്റുകളിലാണ് എൽഡിഎഫ് അടിപതറിയത്. കഴിഞ്ഞ തവണ കൈവശം വച്ച 8 സീറ്റുകൾ ഇത്തവണ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പെരിഞ്ചേരി, മരുതായി, ഇല്ലംഭാഗം, പൊറോറ, ഏളന്നൂർ, മേറ്റടി, ആണിക്കരി, കളറോഡ് വാർഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
യുഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന കയനി വാർഡ് പിടിക്കാൻ എൽഡിഎഫിനു കഴിഞ്ഞു. അതേസമയം, രണ്ടക്ക വോട്ടുകൾക്കുള്ളിൽ സിപിഎമ്മിന് നഷ്ടമായത് 9 വാർഡുകളാണ്. മണ്ണൂർ (71), പൊറോറ (63), മരുതായി (85), ഏളന്നൂർ (46), ബേരം (9), പെരിഞ്ചേരി (42), ഇല്ലംഭാഗം (36), ടൗൺ (12), മേറ്റടി (13) എന്നീ വാർഡുകളിലാണ് രണ്ടക്ക വോട്ടുകൾക്ക് എൽഡിഎഫ് തോറ്റത്.