ADVERTISEMENT

മട്ടന്നൂർ ∙ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ഉണ്ടായ സീറ്റ് നഷ്ടവും വോട്ട് ചോർച്ചയും സംബന്ധിച്ച പരിശോധനകളിലേക്ക് സിപിഎം. ജയിക്കുമെന്നു കരുതിയ വാർഡുകളിലെ അപ്രതീക്ഷിത തോൽവിയും ഭൂരിപക്ഷത്തിലുണ്ടായ കുറവും വിലയിരുത്തും. ഇതിനായി വാർഡ് തലത്തിൽ അവലോകന റിപ്പോർട്ട് തയാറാക്കും. ഇതു ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യും. വിഭാഗീയതയും പ്രാദേശിക പ്രശ്നങ്ങളും തിരിച്ചടിയായായോ എന്ന കാര്യവും പരിശോധനയ്ക്കു വിധേയമാക്കും. മട്ടന്നൂരിൽ ലോക്കൽ കമ്മിറ്റി വിഭജിച്ചു രണ്ടാക്കുകയും ലോക്കൽ സെക്രട്ടറിയെ മാറ്റുകയും ചെയ്തിരുന്നു.

ലോക്കൽ കമ്മിറ്റി വിഭജിച്ച ശേഷം 2 ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് ലോക്കൽ സെക്രട്ടറിമാരുടെ ചുമതല നൽകുകയായിരുന്നു. ലോക്കൽ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റപ്പെട്ടയാൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തു. പ്രാദേശിക പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോയെന്നും പരിശോധിക്കേണ്ടി വരും. സ്ഥാനാർഥികളെ തീരുമാനിച്ചതിൽ നേതൃത്വം ഏകാധിപത്യ പ്രവണത കാട്ടിയെന്നുള്ള വിമർശനം അണികളിലുണ്ടായിരുന്നു. തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ മത്സരിക്കാൻ പാടില്ല എന്ന പാർട്ടി നിബന്ധന ചിലരുടെ കാര്യത്തിൽ നടപ്പായില്ല. നാലാം തവണയും സ്ഥാനാർഥിയായ വി.പി.ഇസ്മായിൽ മിനിനഗറിൽ മൂന്നാം സ്ഥാനത്തേക്കു പോയി.

മൂന്നാം തവണ മത്സരത്തിനിറങ്ങിയ ഷാഹിന സത്യൻ മേറ്റടിയിൽ തോറ്റു. ചില വാർഡുകളിൽ പൊതു സമ്മതരല്ലാത്തവരെ സ്ഥാനാർഥി കളാക്കിയതും പരാജയത്തിനു കാരണമായി കരുതുന്നവരുണ്ട്. മുൻപ് നഗരസഭാ ചെയർമാനാകാൻ കെ.ഭാസ്കരൻ മത്സരിച്ച ഉറച്ച സീറ്റായ പെരിഞ്ചേരി വാർഡിൽ ഇത്തവണ 42 വോട്ടുകൾക്ക് കെ.ഒ.പ്രസന്ന കുമാരി തോറ്റതാണ് പാർട്ടി മുന്നിലുള്ള മറ്റൊരു വിഷയം. സിപിഎമ്മിന്റെ സ്ഥിരം സീറ്റായ ഇല്ലംഭാഗം വാർഡിൽ കെ.എം.ഷീബയുടെ തോൽവിയും സിപിഎമ്മിന് ആഘാതമായി.

പാർട്ടി അണികളുടെ അഭിപ്രായം‍ നോക്കാതെ സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുക എന്ന രാഷ്ട്രീയ ബോധം കൈവിട്ടതു കൊണ്ടാണ് ഇല്ലം ഭാഗത്തും പെരിഞ്ചേരിയിലും പരാജയത്തിനു കാരണമായതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മട്ടന്നൂർ നഗരസഭാ പ്രദേശത്ത് 10260 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ അതു പകുതിയായി കുറഞ്ഞതായാണു കണക്ക്.

കഴിഞ്ഞ തവണ 9 വാർഡുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ 4 സീറ്റിൽ മാത്രം രണ്ടാം സ്ഥാനത്തായതിൽ ബിജെപിയുടെ വോട്ട് യുഡിഎഫിന് കിട്ടി എന്നാണ് സിപിഎം പുറത്തു പറയുന്നതെങ്കിലും പാർട്ടി കോട്ടയിൽ അടിപതറാനുണ്ടായ മറ്റു കാരണങ്ങൾ കണ്ടെത്തിയെങ്കിലേ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാൻ കഴിയുവെന്നു കരുതുന്നവരുണ്ട്.

ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാകാതിരുന്ന സാഹചര്യമുണ്ടായോ എന്നും വിലയിരുത്തേണ്ടി വരും. 2012ൽ യുഡിഎഫിന്റെ കയ്യിലായിരുന്ന 14 സീറ്റിൽ 7 എണ്ണം 2017ൽ എൽഡിഎഫ് പിടിച്ചത് ഇത്തവണ യുഡിഎഫ് തിരിച്ചു പിടിച്ചു എന്നു കരുതിയാൽ മതിയെന്നും ആകെ അട്ടിമറിഞ്ഞുവെന്നു കരുതേണ്ടെന്നും പാർട്ടി പ്രവർത്തകരെ ആശ്വസിപ്പിക്കുകയാണു നേതൃത്വം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com