ADVERTISEMENT

കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ 6 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതു സർക്കാരിന്റെ പരിഗണനയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലാ ആശുപത്രി സംബന്ധിച്ച് നിയമസഭയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങളിലാണ് തസ്തികകൾ സൃഷ്ടിക്കുക. കൺസൽറ്റന്റ് കാർഡിയോളജി – 2, കൺസൽറ്റന്റ് ന്യൂറോളജി – 1, കൺസൽറ്റന്റ് നെഫ്രോളജി, കാത്ത് ലാബ് അസി. സർജൻ – 1, നെഫ്രോളജി അസി.

സർജൻ – 1 എന്നിങ്ങനെ തസ്തിക സൃഷ്ടിക്കുന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും മറുപടിയിൽ പറയുന്നു. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ആവശ്യമായ തസ്തികകളില്ലാത്തതിനാൽ രോഗികളും ഡോക്ടർമാർക്കും ജീവനക്കാരും ഒരുപോലെ ദുരിതത്തിലാകുന്ന കാര്യം നേരത്തേ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നുണ്ടെങ്കിലും നേരത്തേ സൃഷ്ടിച്ച തസ്തികകളിൽ പോലും നിയമനം നടത്താത്തതാണ് ജില്ലാ ആശുപത്രിയിലെ അനുഭവം.

കടന്നപ്പള്ളിക്ക് മന്ത്രി നൽകിയ മറുപടിയിൽ 13 തസ്തികകൾ നേരത്തേ സൃഷ്ടിച്ച കാര്യം പറയുന്നുണ്ട്. കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ഈ തസ്തികകൾ സൃഷ്ടിച്ചത്. എന്നാൽ ഒരാളെപ്പോലും ഇതുവരെ നിയമിച്ചിട്ടില്ല. പ്രതിദിനം രണ്ടായിരത്തി നാനൂറിലേറെ രോഗികൾ ഒപിയിലും 400 രോഗികൾ ഐപിയിലും ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രി.

നേരത്തേ സൃഷ്ടിച്ചിരുന്ന തസ്തികകൾ

കൺസൽറ്റന്റ് (റേഡിയോ ഡയഗ്നോസിസ്) – 1, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ – 2, ഇസിജി ടെക്നീഷ്യൻ (ഗ്രേഡ് 2) – 1, ഡയാലിസിസ് ടെക്നീഷ്യൻ – 3, റേഡിയോഗ്രഫർ (ഗ്രേഡ് 2) – 1, എക്സ് റേ അറ്റൻഡർ – 1, മോർച്ചറി ടെക്നീഷ്യൻ – 1, മോർച്ചറി അറ്റന്റന്റ് – 1, മെഡിക്കൽ റെക്കോർഡ്സ് അറ്റന്റന്റ് –1, ലാബ് ടെക്നീഷ്യൻ – 1 എന്നീ തസ്തികകളാണ് നേരത്തേ സൃഷ്ടിച്ചിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com