ADVERTISEMENT

മട്ടന്നൂർ∙ നഗരസഭയുടെ പുതിയ ഭരണ സമിതി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മട്ടന്നൂർ ഗവ. യുപി സ്കൂളിൽ നടത്തിയ സത്യ പ്രതിജ്ഞാ ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരി ഡിഎഫ്ഒ പി.കാർത്തിക് തിരഞ്ഞെടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം വി.കെ.സുഗതന് ആദ്യം സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്നു വി.കെ.സുഗതൻ മറ്റുള്ള അംഗങ്ങൾക്കു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വാർഡ് നമ്പർ ക്രമത്തിലാണ് ഓരോ അംഗവും സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്.

മട്ടന്നൂർ നഗരസഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയിലേക്കു നീങ്ങും മുൻപ്, നെല്ലൂന്നി വാർഡിൽ നിന്നു വിജയിച്ച എൽഡിഎഫിലെ എൻ.ഷാജിത്ത് നേതാക്കളെ അഭിവാദ്യം ചെയ്യുന്നു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനേയും കാണാം.

നഗരസഭാ ചെയർമാനെയും വൈസ് ചെയർമാനെയും 15നു തിരഞ്ഞെടുക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ദുഖാചരണമുള്ളതിനാൽ ലളിതമായാണ് സത്യ പ്രതിജ്ഞ ചടങ്ങ് നടത്തിയത്. നഗരസഭ രൂപവൽക്കരിച്ചതിനു ശേഷം ആറാമത്തെ ഭരണ സമിതിയാണ് ചുമതലയേൽക്കുന്നത്. 35 അംഗ നഗരസഭാ കൗൺസിലിൽ എൽഡിഎഫ് അംഗങ്ങൾ 21 പേരും യുഡിഎഫ് അംഗങ്ങൾ 14 പേരും ചുമതലയേറ്റു.

സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായത് വൻ ജനാവലി

മട്ടന്നൂർ ∙ നഗരസഭാ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനു സാക്ഷ്യം വഹിക്കാനെത്തിയത് വൻ ജനാവലി. മട്ടന്നൂർ ഗവ.യുപി സ്കൂളിലെ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കുടുംബാംഗങ്ങളും ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. റിട്ടേണിങ് ഓഫിസർ ജി.പ്രദീപും മുനിസിപ്പൽ സെക്രട്ടറി എസ്.വിനോദ്കുമാറും പങ്കെടുത്തു.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ്ബാബു, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, യുഡിഎഫ് നേതാക്കളായ സുരേഷ് മാവില, ഇ.പി.ഷംസുദ്ദീൻ, എം.ദാമോദരൻ, എം.സി.കുഞ്ഞമ്മദ്, വി,മോഹനൻ, എൽഡിഎഫ് നേതാക്കളായ എൻ.വി.ചന്ദ്രബാബു, എ.സുധാകരൻ, പി.പുരുഷോത്തമൻ, അണിയേരി അച്യുതൻ, കെ.പി.രമേശൻ, വി.ഹുസൈൻ, നഗരസഭാ മുൻ അധ്യക്ഷരായ കെ.ടി.ചന്ദ്രൻ, സീന ഇസ്മായിൽ, അനിതാ വേണു എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കാളും പങ്കെടുത്തു. നഗരസഭയുടെ മുൻ അധ്യക്ഷരായ കെ.ടി.ചന്ദ്രൻ, സീന ഇസ്മായിൽ, അനിതാ വേണു, മുൻ വൈസ് ചെയർമാൻമാരായ പി.പുരുഷോത്തമൻ, പി.കെ.ഗോവിന്ദൻ, കെ.ശോഭന എന്നിവരും പങ്കെടുത്തു. 

സത്യ വാചകം വീണ്ടും ചൊല്ലി മുതിർന്ന അംഗം

ആറാമത് നഗരസഭാ കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ തുടക്കത്തിൽ തന്നെ പിശക് ഉണ്ടായി. പ്രായം കൊണ്ടു മുതിർന്ന അംഗം വി.കെ.സുഗതനെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് വരണാധികാരി ഡിഎഫ്ഒ പി.കാർത്തിക് സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ മുഴുവൻ വരികളും വി.കെ.സുഗതൻ ചൊല്ലാൻ വിട്ടുപോയതിനെ തുടർന്നു വീണ്ടും പ്രതിജ്‍ഞ ചെയ്യിച്ചാണു സ്ഥാനമേറ്റത്. തുടർന്ന് വി.കെ.സുഗതൻ മറ്റുള്ള 34 പേർക്കും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 

നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് 15 ന്

മട്ടന്നൂർ നഗരസഭയുടെ ആറാമത്തെ ചെയർമാനെയും വൈസ് ചെയർമാനെയും 15നു തിരഞ്ഞെടുക്കും. മുൻ കാലങ്ങളിൽ സത്യപ്രതിജ്ഞ ചടങ്ങിനു ശഷം മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ പ്രഥമ നഗരസഭാ കൗൺസിൽ യോഗം ചേരാറുണ്ടെങ്കിലും ഇത്തവണ യോഗം നടത്തിയില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ നിര്യാണത്തെ തുടർന്നു മറ്റു ചടങ്ങുകൾ വേണ്ടെന്നു വച്ചതിനാലാണു യോഗം ഒഴിവാക്കിയത്. ആശംസാ പ്രസംഗവും അനുമോദനവും വേണ്ടെന്നു വച്ചു. നെല്ലൂന്നി വാർഡിൽ നിന്നു വിജയിച്ച സിപിഎം നേതാവും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ എൻ.ഷാജിത്തിനെയാണ് ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കാൻ സാധ്യത. വൈസ് ചെയർമാൻ സ്ഥാനം വനിതാ സംവരണമായതിനാൽ തീരുമാനം ആയില്ല. സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com