പിതാവിന്റെ വഴിയേ മട്ടന്നൂരിന്റെ സാരഥിയായി എൻ.ഷാജിത്ത്
Mail This Article
മട്ടന്നൂർ∙ മട്ടന്നൂരിന്റെ സൗമ്യ മുഖമായിരുന്ന പിതാവ് കാട്ടിക്കൊടുത്ത കർമപഥത്തിലേക്കുള്ള ചുവടുവയ്പുമായാണ് എൻ.ഷാജിത്ത് മട്ടന്നൂർ നഗരസഭയുടെ ആറാമത്തെ ഭരണ സാരഥിയാകുന്നത്. മട്ടന്നൂർ പഞ്ചായത്തായിരിക്കെ പ്രസിഡന്റ് സ്ഥാനത്തു സ്തുത്യർഹമായ സേവനം കാഴ്ചവച്ച എൻ.മുകുന്ദന്റെ മകനായ ഷാജിത്തും അച്ഛനെ പോലെ തന്നെ അധ്യാപക ജോലിയിലിരിക്കെയാണ് തദ്ദേശ ഭരണത്തിന്റെ അമരത്തെത്തിയത്. 2007ൽ സ്വന്തം നാടായ കാര വാർഡിൽ നിന്നു നഗരസഭാ കൗൺസിലറായി. മട്ടന്നൂർ നഗരസഭയുടെ ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ അധ്യക്ഷനായിരുന്നു.
വയോമിത്രം, ആശ പദ്ധതികൾ ആരംഭിച്ചത് ആ കാലഘട്ടത്തിലാണ്. പഴശ്ശി ഗവ.എൽപി സ്കൂളിനു സ്വന്തമായി കെട്ടിടവും മട്ടന്നൂർ ഗവ. യുപി സ്കൂളിനു ഭോജന ശാലയും മുഴുവൻ വിദ്യാലയങ്ങളിലും സമഗ്ര കായിക പരിശീലനവും നടപ്പാക്കാൻ കഴിഞ്ഞു. 22 വർഷമായി മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവുമുണ്ട്. അധ്യാപക ജോലിയിൽ 9 വർഷത്തെ സർവീസ് ബാക്കി നിൽക്കെ അവധിയെടുത്താണ് നഗരസഭയുടെ അധ്യക്ഷനാകുന്നത്.
ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലീനയാണ് ഭാര്യ. മട്ടന്നൂർ ടെക്നിക്കൽ ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന്റെ തുടക്കം. ഇപ്പോൾ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ്. നഗരസഭാ ഉപാധ്യക്ഷയായി ചുമതലയേറ്റ ഒ.പ്രീത ദേവർകാട് വാർഡിൽ നിന്നാണ് വിജയിച്ചത്. മുൻപ് നഗരസഭാ കുടുംബശ്രീ സിഡിഎസ് അധ്യക്ഷയായിരുന്നു. മികച്ച കലാകാരി കൂടിയാണ്. ടെലിഫിലിമിലും നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. എം.പ്രകാശനാണ് ഭർത്താവ്.
ആശംസകളുമായി മുൻഗാമികൾ
നഗരസഭാ ചെയർമാന്റെയും ഉപാധ്യക്ഷയുടെയും തിരഞ്ഞെടുപ്പിനു ശേഷം അനുമോദനവും ആശംകളുമായി മുൻ ചെയർമാൻമാരും പാർട്ടി നേതാക്കളും എത്തി. മുൻ അധ്യക്ഷരായ കെ.ടി.ചന്ദ്രൻ, കെ.ഭാസ്കരൻ, അനിതാ വേണു, മുൻ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ എന്നിവർ പുതിയ സാരഥികൾക്ക് ആശംസ നേർന്നു.
വിവിധ രാഷ്ട്രീയ നേതാക്കളായ ടി.കൃഷ്ണൻ, എൻ.വി.ചന്ദ്രബാബു, സി.വി.ശശീന്ദ്രൻ, എ=.രാജൻ, എ.സുധാകരൻ, കെ.പി.രമേശൻ, അണിയേരി അച്യുതൻ, സുരേഷ്മാവില, എ.കെ.രാജേഷ്, ഇ.പി.ഷംസുദ്ദീൻ, മുസ്തഫ ചൂര്യോട്ട്, റഫീഖ് ബാവോട്ടുപാറ എന്നിവർ പങ്കെടുത്തു.
ആദ്യ സന്ദർശനം ബഡ്സ് സ്കൂളിൽ
നഗരസഭാ ചെയർമാനായി ചുമതലയേറ്റ ശേഷം എൻ.ഷാജിത്ത് ആദ്യ സന്ദർശനം നടത്തിയത് നഗരസഭയുടെ കീഴിലുള്ള പഴശ്ശിരാജ ബഡ്സ് സ്കൂളിലേക്കായിരുന്നു. കൗൺസിലർമാരായ പി.ശ്രീനാഥ്, കെ.കെ അഭിമന്യു, എം.രഞ്ജിത്ത്, സിഡിഎസ് മെംബർ സെക്രട്ടറി കെ.പി.രമേശ് ബാബു എന്നിവരും സ്കൂളിലെത്തി കുട്ടികൾക്ക് മധുരം നൽകി.
മുന്നണി വോട്ടുകൾ കൃത്യം
നഗരസഭാ ചെയർമാനെയും ഉപാധ്യക്ഷയെയും തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇരു മുന്നണിയിലെയും അംഗബലത്തിനു കൃത്യമായ വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2012ൽ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയുടെ തന്നെ വോട്ട് അസാധുവായിരുന്നു.