അന്വേഷണങ്ങളിൽ പൂർണ സ്വാതന്ത്ര്യം, പൊലീസുകാരുടെ ഇഷ്ടപ്പെട്ട ആഭ്യന്തരമന്ത്രി; നിയമവിരുദ്ധ ഇടപെടലുകളെ അംഗീകരിച്ചിരുന്നില്ല
Mail This Article
കണ്ണൂർ ∙ സംസ്ഥാനത്തെ പൊലീസുകാരുടെ ഇഷ്ടപ്പെട്ട ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പൊലീസ് സ്റ്റേഷനുകളിൽ ചില പാർട്ടി പ്രവർത്തകരുടെ നിയമവിരുദ്ധ ഇടപെടലുകളെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. പ്രധാനപ്പെട്ട കേസുകളിൽ ഇത്തരം ഇടപെടലുകളുണ്ടായാൽ, തന്നെ വിവരം അറിയിക്കണമെന്നു പോലും ആഭ്യന്തരമന്ത്രിയായിരിക്കെ അദ്ദേഹം ചില പൊലീസ് ഉദ്യോഗസ്ഥരോടു ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. മിടുക്കരായ പൊലീസ് ഉദ്യോഗസ്ഥരെ അംഗീകരിക്കുന്നതിന് അദ്ദേഹം മടി കാണിച്ചിരുന്നില്ല. പൊലീസുകാരുടെ രാഷ്ട്രീയ ചായ്‌വുകൾ നോക്കി അംഗീകാരം നൽകുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നില്ല.
അർഹരായ ഉദ്യോഗസ്ഥരെ കൃത്യമായ സ്ഥാനങ്ങളിൽ നിയമിക്കാൻ അദ്ദേഹം കാണിച്ച ശ്രദ്ധ, അക്കാലത്ത് കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമ കേസുകൾ കുറയ്ക്കാൻ ഇടയാക്കിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പല കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടത്താൻ അദ്ദേഹം പൊലീസുകാർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. മലപ്പുറം ചേലേമ്പ്ര ബാങ്ക് കൊള്ള കേസ് അന്വേഷിച്ച സംഘത്തിന് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ, അന്വേഷണത്തിൽ കുറച്ചൊന്നുമല്ല സഹായകരമായത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു തടവുചാടിയ റിപ്പർ ജയാനന്ദൻ, അസീസ് എന്നീ കുപ്രസിദ്ധ കുറ്റവാളികളെ ഒറ്റ ദിവസം കൊണ്ടു പിടികൂടിയ കണ്ണൂർ, കാസർകോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ കോടിയേരി ബാലകൃഷ്ണൻ നേരിട്ട് അഭിനന്ദിച്ചിരുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാനും പൊലീസ് ജനങ്ങളോടു കാണിക്കേണ്ട ഉത്തരവാദിത്തം അവരെ ബോധ്യപ്പെടുത്തുന്നതിലും ഏറെ ശ്രദ്ധിച്ച ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിക്കു പുറമെ ജനമൈത്രി പൊലീസ് പദ്ധതിയും ഊർജിതമായി നടപ്പാക്കി. പൊലീസ് –പൊതുജന സൗഹൃദസദസ്സുകളാണ്, ജനങ്ങളുമായി പൊലീസിന്റെ അകലം കുറയ്ക്കുന്നതിന് അദ്ദേഹം ഏർപ്പെടുത്തിയ മറ്റൊരു പ്രധാന പദ്ധതി.