ADVERTISEMENT

മാഹി ∙ പക്വതയും സൗമ്യതയും പ്രായോഗിക രാഷ്ട്രീയ ബുദ്ധിയും വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ പ്രകടിപ്പിച്ച സുഹൃത്തായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സഹപാഠിയായിരുന്ന ചാലക്കര സ്വദേശി എം.സദാനന്ദൻ ഓർക്കുന്നു. 1970ൽ മാഹിയിൽ മഹാത്മാഗാന്ധി ഗവ.കോളജ് തുടങ്ങിയ വർഷം കക്ഷി രാഷ്ട്രീയം ഇല്ലാതെ കോളജ് യൂണിയൻ കൗൺസിലിൽ മത്സരിച്ച് കോടിയേരി ചെയർമാനായി. ഇപ്പോൾ മുഴപ്പിലങ്ങാട് താമസിക്കുന്ന കേണൽ ശ്രീജയനെ ആണ് പരാജയപ്പെടുത്തിയത്. അന്ന് കോടിയേരി നോമിനേഷൻ സമർപ്പിക്കുമ്പോൾ പിന്തുണച്ച് ഒപ്പ് നൽകി മത്സരത്തിൽ ഒപ്പം നിന്ന സദാനന്ദന്റെ ഓർമകളിൽ ആ പഴയകാലം ഇപ്പോഴുമുണ്ട്. 

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലായിരുന്നു മാഹി കോളജ്. അക്കാലത്ത് സർവകലാശാല കൗൺസിലിൽ അംഗം യൂണിയൻ ചെയർമാനാണ്.  ചെയർമാൻ എന്ന നിലയിൽ കോളജിൽ രാഷ്ട്രീയമായ ഒരു നിലപാടും സ്വീകരിക്കാതെ എല്ലാവരെയും ഒന്നിച്ചു നിർത്തിയ കോടിയേരിക്ക് കോളജ് ഡേക്ക് ഗൗൺ അണിയണം എന്ന ആഗ്രഹമുണ്ടായി. അതു സദാനന്ദനോടു പങ്കുവച്ചു. അന്നത്തെ പ്രിൻസിപ്പൽ കെ.രവീന്ദ്രനു മുന്നിൽ കോടിയേരിയെയും കൂട്ടി സദാനന്ദൻ ആഗ്രഹം അറിയിച്ചു. മാഹി കെടിസി ജംക്‌‌ഷനിൽ ദാസ് ടെയിലേർസിലെ ദാസനാണു ഗൗൺ തുന്നിയത്. പദവിയുടെ അലങ്കാരം എന്ന നിലയിലാണ് ഗൗൺ ആവശ്യം കോടിയേരി ഉന്നയിച്ചത്. 

അടുത്ത വർഷം കെഎസ്എഫ് സ്ഥാനാർഥിയായി കോടിയേരി രംഗത്തു വന്നപ്പോൾ കെഎസ്‌‌യു സ്ഥാനാർഥി സദാനന്ദനായിരുന്നു. കോടിയേരിയെ പരാജയപ്പെടുത്തി യൂണിയൻ ചെയർമാനായി സദാന്ദൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കോടിയേരി പൂർണമായി സഹകരിച്ചു.1971ൽ കോളജ് ട്യൂഷൻ ഫീസ് 16 രൂപയാക്കി കൂട്ടിയതിന് എതിരെ ഒന്നിച്ച് വിദ്യാർഥികൾ കോളജിൽ സമരം ആരംഭിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ സമരത്തിലുണ്ടായിരുന്ന പലരും പിന്മാറി കോടിയേരിയും  സദാനന്ദനും മാത്രമായി. രണ്ടു പേരും മാപ്പ് എഴുതി ക്ലാസിൽ കയറിക്കോ എന്നായി പ്രിൻസിപ്പൽ. കോടിയേരി പറഞ്ഞു, ‘പറ്റില്ല സാർ ഞങ്ങൾ ഇവിടെ ഇരിക്കും.’ രണ്ടു പേരും സമരം തുടർന്നു. ഒടുവിൽ രക്ഷിതാക്കളെ കൂട്ടിവന്നാൽ ക്ലാസിൽ കയറ്റാം എന്നായി. കോടിയേരി സമ്മതിച്ചു. 

വീട്ടിൽ അറിയാത്ത വിഷയം രണ്ടു പേർക്കും പ്രശ്നമായി. സദാനന്ദൻ ഐഎൻടിയുസി നേതാവ് പി.പി.അനന്തനെയും കൂട്ടി കോളജിൽ എത്തി. അവിടെ കോടിയേരി കൂട്ടി വന്നത് അറിയപ്പെടുന്ന കമ്യൂണിസ്റ്റ്കാരനായിരുന്ന കയനാടത്ത് ബാലനെയായിരുന്നു. കോടിയേരി പറഞ്ഞു. ‘രക്ഷിതാക്കൾ എന്നല്ലേ പറഞ്ഞത്. നമുക്ക് ഇവരാണ് രക്ഷിതാക്കൾ.’’.  കോടിയേരി പറഞ്ഞത് സദാനന്ദൻ ഇപ്പോഴും ഓർക്കുന്നു. സമരം പരാജയപ്പെട്ടെങ്കിലും 4 മാസം കഴിഞ്ഞപ്പോൾ സർക്കാർ, മാഹിയിൽ സ്ഥിരതാമസമുള്ളവർക്ക് ഫീസ് ഇളവ് നൽകി. കേരളക്കാരായതിനാൽ സമരം നടത്തിയ കോടിയേരിക്കും സദാന്ദനും ഫീസ് ഇളവ് കിട്ടിയതുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com