കോടിയേരിയുടെ വീട് സന്ദർശിച്ച് കാന്തപുരം
Mail This Article
തലശ്ശേരി∙ അന്തരിച്ച സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മുളിയിൽനടയിലെ വീട് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേരള രാഷ്ട്രീയത്തിൽ വ്യക്തിപരമായ ഏറ്റവും അടുപ്പമുള്ള നേതാവാണ് കോടിയേരി. സുന്നി പ്രസ്ഥാനം രാഷ്ട്രീയമായ പ്രതിസന്ധികൾ അഭിമുഖീകരിച്ച സന്ദർഭത്തിൽ അദ്ദേഹത്തിന്റെ സഹായം കിട്ടിയിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്കും സുന്നി പ്രസ്ഥാനത്തിനും ഇടയിൽ ആശയപരമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ കൂടി അതൊന്നും തടസ്സമാവാതെ ആരോഗ്യപരമായ ബന്ധം എന്നും നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, മലപ്പുറം സ്പിന്നിങ് മിൽ ചെയർമാൻ യൂസഫ് ഹൈദർ എന്നിവരുമുണ്ടായിരുന്നു. ആർച്ച് ബിഷപ് മാർ. ജോസഫ് പാംപ്ലാനി, മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, പി. പ്രസാദ്, എ.കെ. ശശീന്ദ്രൻ, അബ്ദുസമദ് സമദാനി എംപി, പി. സന്തോഷ്കുമാർ എം.പി, ഇ. ചന്ദ്രശേഖരൻ എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, സി.ടി. അഹമ്മദലി, എഡിജിപി: എം.ആർ. അജിത്ത്, തുഷാർ വെള്ളാപ്പള്ളി എന്നിവരും വീട്ടിലെത്തി ഭാര്യ വിനോദിനി, മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരെ കണ്ടു.