സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലേക്ക് ഇന്ന് രോഗികളെ മാറ്റും
Mail This Article
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച സൂപ്പർ സ്പെഷ്യൽറ്റി കെട്ടിടത്തിലേക്കു രോഗികളെ ഇന്നു മാറ്റിത്തുടങ്ങും. പുരുഷൻ മാരുടെ മെഡിക്കൽ, സർജിക്കൽ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെയാണു പുതിയ കെട്ടിടത്തിലേക്കു മാറ്റുക. ഇവർക്കായി 3, 4 നിലകളിലായി 68 കിടക്കകൾ ക്രമീകരിച്ചു. ഇവരെ മാറ്റുന്നതോടെ പഴയ കെട്ടിടം നവീകരണത്തിനായി വിട്ടു നൽകും. രോഗികളുടെ സൗകര്യം കണക്കിലെടുത്താണ് ഉദ്ഘാടന ചടങ്ങിനു കാത്തു നിൽക്കാതെ പുതിയ കെട്ടിടം തുറന്നു നൽകുന്നത്.
ജില്ലാ പഞ്ചായത്ത് തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ച 61.72 കോടി രൂപ ചെലവഴിച്ചാണ് 5 നിലകളിലായി സൂപ്പർ സ്പെഷ്യൽറ്റി കെട്ടിടം നിർമിച്ചത്. കെട്ടിടത്തിന്റെ 99 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ഇലക്ട്രി ക്കൽ വർക്കുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ സ്പെഷ്യൽറ്റി കെട്ടിടത്തിലേക്ക് 30 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണ ങ്ങൾ ജില്ലാ പഞ്ചായത്ത് അനുവദിച്ചു.
ഇതിന്റെ കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ.രാജീവൻ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. വി.ലേഖ, ബിഎസ്എൻഎൽ എൻജിനീയർ മനോജ്, നഴ്സുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.