ADVERTISEMENT

കോട്ടയം പൊയിൽ ∙ കഴിഞ്ഞ വർഷം പദ്ധതി നിർവഹണത്തിൽ 100% തുക ചെലവഴിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് കോട്ടയം. ഇതര ഫണ്ടുകൾ ഉൾപെടെ 112.57% തുക വിനിയോഗിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതോടൊപ്പം സംസ്ഥാന തലത്തിൽ 17ാം സ്ഥാനത്തും ഈ പഞ്ചായത്ത് ഉണ്ട്. മേഖലയിൽ വിസ്തീർണം കൊണ്ട് ചെറുതാണെങ്കിലും പ്രവർത്തന പദ്ധതിയിലൂടെ ഉയർന്ന സ്ഥാനത്താണ് ഈ പഞ്ചായത്ത്. ലഹരി വിമുക്ത പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ പഞ്ചായത്താണ് കോട്ടയം. കഴിഞ്ഞ മേയ് മാസം 2500ലേറെ പേരെ അണിനിരത്തി കോട്ടയംപൊയിലിൽ നടത്തിയ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഈ പദ്ധതി ആസൂത്രണം ചെയ്ത ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഇടപെടുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പങ്കെടുത്തുകൊണ്ട് ജില്ലാതല ഉദ്ഘാടന പരിപാടിയായാണു സംഘടിപ്പിച്ചത്. മുഴുവൻ വാർഡുകളിലും ഇപ്പോൾ ലഹരി വിരുദ്ധ ജന ജാഗ്രതാ സദസ്സുകൾ നടത്തി കഴിഞ്ഞു. ഇതിന്റെ സമാപനത്തിലേക്ക് കടക്കുമ്പോൾ 26നു കൂട്ടയോട്ടവും 28ന് ബൈക്ക് റാലിയും 30ന് വിളംബര ജാഥയും സംഘടിപ്പിക്കുന്നുണ്ട്. നവംബർ 1ന് കിണവക്കലിൽ മനുഷ്യ മഹാശൃംഖലയോട് കൂടിയാണ് പ്രചാരണ പരിപാടികൾക്കു സമാപനം. 

പഞ്ചായത്തിനെ ബാലസൗഹൃദ - വയോജന സൗഹൃദ പഞ്ചായത്താക്കി മാറ്റാനുള്ള വലിയ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്. മുഴുവൻ വാർഡുകളിലും വയോജന ഗ്രാമസഭകളും പഞ്ചായത്ത്തല വയോജന വികസന സെമിനാറും സംഘടിപ്പിച്ചിരുന്നു. വാർഡുകളിൽ വയോജന റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സമ്പൂർണ ശുചിത്വ പദ്ധതിക്കായി ഡിപിആർ തയാറാക്കി വിപുലമായ പ്രവർത്തനവും നിർവഹിച്ചിട്ടുണ്ട്. 

4 വാർഡുകളെ ഹരിതസമൃദ്ധി വാർഡുകളായി പ്രഖ്യാപിച്ചുകൊണ്ട് അതിനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പാർക്കും പഞ്ചായത്ത് ഓഫിസിൽ കുട്ടികൾക്കായി വായനാ മൂലയും പൊതു ഇടങ്ങളിൽ ശിശു സൗഹൃദ ശുചിമുറിയും മുലയൂട്ടൽ കേന്ദ്രങ്ങളും സ്ഥാപിച്ചു വലിയ നിലയിലുള്ള പ്രവർത്തനം നടത്തിയിട്ടുണ്ട്. ആരോഗ്യരംഗത്ത് പൂള ബസാറിലെ പ്രാഥമികാരാഗ്യ കേന്ദ്രം മികവിന്റെ കേന്ദ്രമാക്കി നിലനിർത്താനും മെച്ചപ്പെട്ട ഗതാഗത സൗകര്യം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങളിലും പഞ്ചായത്ത് ശ്രദ്ധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com