സൗരോർജ തൂക്കുവേലി പദ്ധതി നടപ്പാക്കി പയ്യാവൂർ പഞ്ചായത്ത്
Mail This Article
ശ്രീകണ്ഠപുരം ∙ കാട്ടാനകളുടെ വരവു തടയാൻ സൗരോർജ തൂക്കുവേലി എന്ന പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുകയാണ് പയ്യാവൂർ പഞ്ചായത്ത്. പദ്ധതിയുടെ 70 ശതമാനം പൂർത്തിയായി. 14ാം പഞ്ചവത്സര പദ്ധതിക്കായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ സൗരോർജ തൂക്കുവേലി നിർമാണം പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാവുന്നതാണ് എന്ന പരാമർശം നടപ്പാക്കി കേരളത്തിനു മുന്നിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണ് പയ്യാവൂർ പഞ്ചായത്ത്. ശുചിത്വ രംഗത്ത് ജാഗ്രത ശക്തമാക്കുന്നതിനായി 16 വാർഡുകളിലും, ടൗണുകളിലും മാലിന്യ ശേഖരണത്തിനായി 32 ഹരിതകർമസേനാംഗങ്ങളെ വിന്യസിച്ചു. 40 ലക്ഷം മുതൽ മുടക്കി 5 മാസം കൊണ്ട് എംസിഎഫ് കെട്ടിടം നിർമിച്ചു. മാലിന്യ ശേഖരണത്തിനായി സ്വന്തമായി വാഹനം വാങ്ങി. ജനുവരി മുതൽ പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളിലേയും വില്ലേജ് ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേയും എല്ലാ വിവരങ്ങളും മുഴുവൻ വീടുകളിലും എത്തുന്ന തരത്തിൽ ഡിജിറ്റലൈസ് ചെയ്യും.
നടപ്പാക്കിയ പ്രധാന പദ്ധതികൾ:
∙ ഒരേ മാതൃകയിലുള്ള തൊഴുത്തുകൾ, തടയണകൾ, പച്ചത്തുരുത്തുകൾ, കുളങ്ങൾ എന്നിവയുടെ നിർമാണം
∙ കരനെൽകൃഷി ഉൾപ്പെടെ വിവിധ കൃഷികൾക്ക് നിലം ഒരുക്കൽ
∙ ജലസംരക്ഷണ പ്രവർത്തനങ്ങൾ
∙ എല്ലാ വാർഡുകളിലും കോൺക്രീറ്റ് റോഡുകൾ
∙ 1400 യൂണിറ്റ് തേനീച്ചകളും കൂടും നൽകുന്ന പദ്ധതി നടപ്പാക്കി. കരനെൽകൃഷി 50 ഏക്കറിൽ നിന്ന് 100 ഏക്കറിലേക്കു വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.