പാനൂർ കൊലപാതകം: 3 മണിക്കൂറിനകം പ്രതിയെ കണ്ടെത്താനായത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ
Mail This Article
പാനൂർ ∙ വള്ള്യായിയിൽ യുവതിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 3 മണിക്കൂറുകൾക്കം പ്രതിയെ കണ്ടെത്താനായത് പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ. ശ്യാംജിത്തിന്റെ വിവരങ്ങൾ ഓൺലൈൻ ആയി പെട്ടെന്നു ശേഖരിച്ച പൊലീസ് രഹസ്യമായി ശ്യാംജിത്തിനെ പിന്തുടരുകയായിരുന്നു. കസ്റ്റഡിയിൽ ലഭിക്കുന്നതു വരെ മാധ്യമ പ്രവർത്തകരോട് പ്രതിയുടെ വിവരം നൽകാതെ രഹസ്യമാക്കി.
മാധ്യമങ്ങൾ വഴി വിവരം പുറത്തുവന്നാൽ പ്രതി രക്ഷപ്പെടുമെന്ന സംശയത്തിലായിരുന്നു എല്ലാം രഹസ്യമാക്കിയതെന്ന് ഇൻസ്പെക്ടർ എം.പി.ആസാദ് പറഞ്ഞു. കൃത്യം ചെയ്ത് അതേ വസ്ത്രത്തിൽ ബൈക്കിൽ മാനന്തേരിയിലെ വീട്ടിലേക്കു പോയ ശ്യാംജിത്തിന്റെ വീട്ടിലെത്തിയാണ്, മണിക്കൂറുകൾക്കുള്ളിൽ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള ടീം കസ്റ്റഡിയിലെടുത്തത്.
കത്തി നിർമിച്ചത് സ്വന്തമായി
കൊലപാതകം നടത്താൻ ഉപയോഗിച്ച കത്തി സ്വയം നിർമിച്ചതാണ് എന്ന് ശ്യാംജിത്തിന്റെ മൊഴി. ഓൺലൈനായാണു കത്തി നിർമിക്കാൻ പഠിച്ചതെന്നും മൊഴിയിലുണ്ട്. ആയുധം നിർമിക്കാൻ, ഓൺലൈൻ വഴിയാണു വിവിധ വസ്തുക്കൾ വാങ്ങിയത്. കത്തി നിർമിക്കാനുള്ള ഇരുമ്പ് കഷ്ണം വാങ്ങിയത് നാട്ടിലെ കടയിൽ നിന്നാണ് എന്നും മൊഴിയിലുണ്ട്. ഇരുവശവും മൂർച്ചയുള്ള കത്തിയാണു നിർമിച്ചത്. കത്തി നിർമിക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് കട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രതിയുടെ വീട്ടിൽ നിന്നും കത്തി സമീപത്തെ വയലിലെ കുളത്തിൽ നിന്നും പൊലീസ് കണ്ടെത്തി.