ADVERTISEMENT

ജീവനു തുല്യം സ്നേഹിച്ച ഡിസിസി ഓഫിസിൽ ജീവനില്ലാതെ അവസാനയാത്രയ്ക്ക് സതീശൻ പാച്ചേനിയെത്തിപ്പോൾ നഗരമൊന്നാകെ ഒഴുകിയെത്തി, അന്ത്യാഞ്ജലി അർപ്പിക്കാൻ

കണ്ണൂർ∙ ജീവനു തുല്യം സ്നേഹിച്ച ഡിസിസി ഓഫിസിൽ ജീവനില്ലാതെയാണെങ്കിലും ഒരു രാത്രി. ആയിരക്കണക്കിനു പ്രവർത്തകരുടെ അന്ത്യാഞ്ജലി. സമൂഹമാധ്യമങ്ങളിൽ പടരുന്ന, ഹൃദയസ്പർശികളായ ഓർമക്കുറിപ്പുകൾ. നഗരം ഒപ്പം നടന്ന വിലാപയാത്ര. ആത്മാവിൽ തൊട്ട് പ്രവർത്തകരുടെ ‘സതീശേട്ടാ’ എന്ന വിളി. പ്രമുഖ നേതാക്കളുടെ സാന്നിധ്യം. കുടുംബത്തിനു വീടു നൽകുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയത്തിലെ കിടമത്സരങ്ങളിൽ തോറ്റുപോയ സതീശൻ പാച്ചേനീ, നിങ്ങൾ മടങ്ങിയതു ജേതാവായാണ്. വ്യാഴാഴ്ച തളിപ്പറമ്പിലും പാച്ചേനിയിലും അമ്മാനപ്പാറയിലും രാത്രി വൈകി ഡിസിസി ഓഫിസിലും സതീശൻ പാച്ചേനിയെ അവസാനമായി ഒരു നോക്കു കാണാൻ നാട്ടുകാരുടെയും യുഡിഎഫ് പ്രവർത്തകരുടെയും ഒഴുക്കായിരുന്നു.

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹം സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ ചേർന്ന് തോളിലേറ്റി പയ്യാമ്പലത്തെ ശ്മശാനത്തിലേക്ക് എത്തിക്കുന്നു. ചിത്രം: മനോരമ
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹം സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ ചേർന്ന് തോളിലേറ്റി പയ്യാമ്പലത്തെ ശ്മശാനത്തിലേക്ക് എത്തിക്കുന്നു. ചിത്രം: മനോരമ

ഡിസിസി ഓഫിസിൽ വ്യാഴാഴ്ച രാത്രി തന്നെ, മലപ്പുറം, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകരെത്തിയിരുന്നു. ഡിസിസി ഓഫിസിലേക്ക്, ഇന്നലെ പുലർച്ചെ മുതൽ പ്രവർത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. തിരക്കു നിയന്ത്രിക്കാൻ സേവാദൾ വൊളന്റിയർമാരും നേതാക്കളും ഏറെ പണിപ്പെട്ടു. കഥാകൃത്ത് ടി.പത്മനാഭൻ അടക്കമുള്ള പ്രമുഖർ ഇന്നലെ രാവില തന്നെ അന്ത്യോപചാരമർപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രമേശ് ചെന്നിത്തലയും രാവിലെ മുതൽ ഡിസിസി ഓഫിസിലുണ്ടായിരുന്നു.

എംപിമാരായ പി.സന്തോഷ്കുമാർ, ജെബി മേത്തർ,കലക്ടർ ആർ.ചന്ദ്രശേഖർ, തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, എംഎൽഎമാരായ സജീവ് ജോസഫ്, ടി.സിദ്ദിഖ്, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.ജെ.വിനോദ്, കെ.വി.സുമേഷ്, കെ.പി.മോഹനൻ, എം. വിൻസന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, മാഹി എംഎൽഎ രമേശ് പറമ്പത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജീവ് ജോസഫ് തുടങ്ങിയവരും സമൂഹത്തിന്റെ വിവിധ തുറകളിലുളളവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മലയാള മനോരമയ്ക്കു വേണ്ടി സ്പെഷൽ കറസ്പോണ്ടന്റ് അനിൽ കുരുടത്ത് പുഷ്പചക്രം സമർപ്പിച്ചു.

പതിനൊന്നരയോടെ, മകൻ ജവാഹർ അടക്കമുള്ള അടുത്ത ബന്ധുക്കൾ അന്ത്യോപചാരമർപ്പിച്ചു. മുദ്രാവാക്യം വിളികൾക്കിടയിലൂടെ, മൃതദേഹം ആംബുലൻസിലേക്ക്. 11.50ന് വിലാപയാത്ര ഡിസിസി ഓഫിസ് പരിസരത്തു നിന്നു പുറപ്പെട്ടു. മുന്നിൽ സേവാദൾ വൊളന്റിയർമാർ അകമ്പടിയേകി. എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ.മോഹനൻ തുടങ്ങിയ നേതാക്കൾ  മുൻനിരയിലുണ്ടായിരുന്നു. 1.15നു വിലാപയാത്ര പയ്യാമ്പലത്തെത്തി.

സേവാദൾ പ്രവർത്തകർക്കൊപ്പം ഡിസിസി പ്രസി‍ഡന്റ് മാർട്ടിൻ ജോർജും സണ്ണി ജോസഫ് എംഎൽഎയും ചുമന്നാണു മൃതദേഹം സംസ്കാര സ്ഥലത്ത് എത്തിച്ചത്. സേവാദൾ വൊളന്റിയർമാർ സല്യൂട്ട് നൽകി മൃതദേഹം ചിതയിലേക്കെടുത്തു. 1.30നു മകൻ ജവാഹർ ചിതയ്ക്ക് തീകൊളുത്തിയപ്പോൾ ‘ഇല്ല നിങ്ങൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന പ്രവർത്തകരുടെ മുദ്രാവാക്യം അലയൊലി തീർത്തു. നൂറു കണക്കിനു പ്രവർത്തകർ പയ്യാമ്പലത്ത് എത്തിയിരുന്നു. 

പാച്ചേനിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

കണ്ണൂർ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിക്കു  നാടിന്റെ യാത്രാമൊഴി. നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ പയ്യാമ്പലത്ത് സംസ്കാരം നടത്തി. മകൻ ജവഹർ, സതീശൻ പാച്ചേനിയുടെ ചിതയ്ക്കു തീ കൊളുത്തി. ഇന്നലെ രാവിലെ ഡിസിസി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.

തുടർന്ന്, വിലാപയാത്രയായി പയ്യാമ്പലത്തെത്തിക്കുകയായിരുന്നു. സംസ്കാരത്തിനു ശേഷം പയ്യാമ്പലത്ത് സർവകക്ഷി അനുശോചന യോഗം ചേർന്നു. കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിച്ചു. സതീശൻ പാച്ചേനിയുടെ ഭാര്യ റീനയെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി, പാർട്ടി എന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി. 

പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസ് വീട് നൽകും 

സതീശൻ പാച്ചേനിയുടെ കുടുംബത്തിനു ‘കോൺഗ്രസ് വില്ല’ എന്ന പേരിൽ വീടു നിർമിച്ചു നൽകുമെന്നും ബാധ്യതകൾ തീർക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘സ്വന്തം വീടു വിറ്റ പണം കൊണ്ടാണു സതീശൻ പാച്ചേനി, ഡിസിസി ഓഫിസിനുള്ള പണം കണ്ടെത്തിയിരുന്നത്. അതിനാൽ തന്നെ പാച്ചേനിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്.’

പയ്യാമ്പലത്തു ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കെ.സുധാകരൻ പറഞ്ഞു. തളിപ്പറമ്പിലെ വീടു വിറ്റു കിട്ടിയ പണത്തിൽ നിന്ന് 30 ലക്ഷം രൂപ, ഡിസിസി ഓഫിസ് നിർമാണം പൂർത്തിയാക്കാൻ ഡിസിസി പ്രസിഡന്റായിരിക്കെ സതീശൻ പാച്ചേനി ചെലവിട്ടിരുന്നു. പിന്നീട് ഈ തുക ഡിസിസി, സതീശൻ പാച്ചേനിക്കു തിരിച്ചു നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com