സനയുടെ കരവിരുതിൽ വിരിയും മുഖചിത്രങ്ങൾ
Mail This Article
മാതമംഗലം ∙ കുറച്ചു വരകൾ ചേർത്ത് ആരുടെയും മുഖം കൃത്യതയോടെ വരച്ചിടാൻ സനയ്ക്ക് നിമിഷങ്ങൾ മതി. പ്രശസ്തരായ ഒട്ടേറെപ്പേരുടെ മുഖങ്ങൾ സന സുനുകുമാർ തന്റെ വിരലുകളുടെ ഒഴുക്കിലൂടെ വിസ്മയകരമായി വരച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം അഭിനന്ദനങ്ങൾ സനയെ തേടി മാതമംഗലം താറ്റ്യേരിയിലെ വീട്ടിലേക്കെത്തിയത് ഈ മിടുക്കിനാണ്.ബിരുദധാരിയായ സനയ്ക്ക് ചിത്രരചനയിൽ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. കോവിഡ് കാലഘട്ടത്തിൽ നേരംപോക്കായാണ് വരയ്ക്കാൻ തുടങ്ങിയത്.
മമ്മൂട്ടി അഭിനയിച്ച 331 ചലച്ചിത്രങ്ങളുടെ പേരുകൾ ഉപയോഗിച്ച് 23 മിനിറ്റുകൊണ്ടാണ് മമ്മൂട്ടിയുടെ മുഖം ലൈവായി വരച്ചത്. ഈ ചിത്രത്തിന് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡും ഏഷ്യാബുക്ക് ഓഫ് റെക്കോർഡും നേടിയതോടെയാണ് സനയെ പുറംലോകം അറിയുന്നത്. മമ്മൂട്ടി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചത് ജീവിതത്തിലെ വലിയ അംഗീകാരമായി സന കാണുന്നു. ‘ഉറപ്പാണ് എൽഡിഎഫ്’ എന്ന വാചകങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും സന വരച്ചു.
ഈ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സമ്മാനിച്ചപ്പോൾ സനയുടെ കഴിവിനെ മുഖ്യമന്ത്രി അനുമോദിക്കുകയും ചെയ്തു. മന്ത്രി എം.ബി.രാജേഷിന്റെ ചിത്രവും വരച്ച് നേരിട്ട് നൽകിയിട്ടുണ്ട്. മുൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വീട്ടിലെത്തി സനയെ അഭിനന്ദിച്ചു. ഇവരുടെ മാത്രമല്ല, പല പ്രമുഖരുടെയും മുഖചിത്രങ്ങൾ വരച്ച് അവർക്ക് അയച്ചുകൊടുത്തിട്ടുണ്ട് സന. പിന്നീട് അവരുടെ സമ്മതം വാങ്ങിയ ശേഷം ഫെയ്സ്ബുക്കിൽ ഈ ചിത്രങ്ങൾ സന പോസ്റ്റ് ചെയ്യും.
കോവിഡ് കാലത്ത് മുഖചിത്രങ്ങൾ വരച്ച് സമാഹരിച്ച ഇരുപത്തയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു ഈ കലാകാരി. ചിത്രരചനയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ആഗ്രഹിക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാന ഓഫിസിലെ അണ്ടർ സെക്രട്ടറിയും പബ്ലിക് റിലേഷൻസ് ഓഫിസറുമായ കെ.വി.സുനുകുമാറിന്റെയും ആരോഗ്യ വകുപ്പിൽ ഹെഡ് ക്ലർക്കായ ഇ.സ്മിതയുടേയും മകളാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന എസ്.സായുവാണ് സഹോദരൻ.