പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉത്സവം, വിസ്മയ കാഴ്ചയായി വാതിൽമാടം പുറക്കൂട്ട്
Mail This Article
പയ്യന്നൂർ ∙ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ആരാധന ഉത്സവത്തിനെത്തുന്നവർക്ക് വിസ്മയ കാഴ്ചയായി മാറുകയാണ് വാതിൽമാടം പുറക്കൂട്ട്. ക്ഷേത്ര നവീകരണ ഭാഗമായി നൂറ്റാണ്ട് പഴക്കമുള്ള വാതിൽമാടം അതേ അളവിൽ പുനർനിർമിക്കുകയാണ്. രണ്ടു നിലയുള്ള വാതിൽമാടത്തിന്റെ ഒന്നാം നില കഴുക്കോൽ സ്ഥാപിച്ച് പുറം പലകയടിച്ച് ചെമ്പടിക്കാൻ ഒരുക്കിയിട്ടുണ്ട്. അതിൽ ഉൾപ്പെടുന്ന പരശുരാമ മണ്ഡപവും ഒരുങ്ങിയിട്ടുണ്ട്. ഇതിന് മുകളിലുള്ള 2 മുഖയാമത്തോട് കൂടിയ വാതിൽ മാടമാണ് ക്ഷേത്ര മതിൽക്കകത്ത് തച്ചുശാസ്ത്ര വിദഗ്ധർ ഒരുക്കുന്നത്.
മുകൾ ഭാഗത്തുള്ള വാതിൽമാടം ജനങ്ങൾക്ക് കൃത്യതയോടെ കാണാൻ കഴിയാറില്ല. മാത്രവുമല്ല നൂറ്റാണ്ടുകൾക്ക് മുൻപ് ശിൽപികൾ നിർമിച്ച വിവിധ ശിൽപങ്ങളും സൂക്ഷ്മതയോടെ കാണാൻ കഴിയാറില്ല. അതെല്ലാം അടുത്ത് നിന്ന് കാണാനും മനസ്സിലാക്കാൻ കഴിയുന്നതും ഭാഗ്യമായി കരുതുന്ന ജനങ്ങൾ കൂട്ടത്തോടെ പുറക്കൂട്ട് നിർമാണത്തിന് മുന്നിലെത്തുന്നു. 23 കോൽ ദീർഘവും 4.4 കോൽ വീതിയുള്ളതാണ് വാതിൽമാടം. ഇതിന് 76 കഴുക്കോലുകൾ ഉണ്ട്. ബാല കൂടം, ചിത്രപട്ടിക ഉൾപ്പെടെയുളള നവ ഖണ്ഡത്തോടു കൂടിയുള്ള 2 മുഖയാമത്തോടു കൂടിയാണ് വാതിൽമാടം ശിൽപികൾ നിർമിക്കുന്നത്.
ടി.പി.ബാലൻ ആചാരി, കിഴക്കിനിയിൽ രമേശൻ, ടി.പി.രാജൻ ഉദയവർമൻ, സി.എം.രമേശൻ, ടി.വി.പ്രശാന്ത്, കെ.പി.രാജേഷ്, വി.സുധാകരൻ, കെ.വി.ശിവദാസൻ, കെ.വി.പ്രസാദ്, ടി.പി.അനൂപ് എന്നിവരടങ്ങുന്ന തച്ചുശാസ്ത്ര വിദഗ്ധരാണ് വാതിൽമാടം ഒരുക്കുന്നത്. ആരാധന ഉത്സവത്തിൽ ഇന്ന് 9ന് അക്ഷര ശ്ലോകം, 3ന് കരിവെള്ളൂർ രത്നകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 7ന് തായമ്പക, 9ന് മയ്യിൽ അഥീന നാടക നാട്ടറിവ് വീടിന്റെ തിറയാട്ടം.