പെരുമ്പറമ്പ് ഇക്കോ പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
Mail This Article
ഇരിട്ടി ∙ പെരുമ്പറമ്പ് ഇക്കോ പാർക്കിൽ വനം വകുപ്പ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. സ്ഥലം സന്ദർശിച്ച കണ്ണൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം എസിഎഫ് എം.രാജീവനാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നു പറഞ്ഞത്. കാൽ നൂറ്റാണ്ടായി തകർച്ചയിലായിരുന്ന പെരുമ്പറമ്പ് പാർക്ക് 6 മാസം മുൻപാണ് പായം പഞ്ചായത്തും വനം വകുപ്പും ചേർന്നു നവീകരിച്ചു തുറന്നത്. ജനകീയ കമ്മിറ്റി കൂടി രൂപീകരിച്ചാണ് സൗകര്യങ്ങൾ ഉറപ്പാക്കിയത്.
ഇരിട്ടി ടൗണിൽ നിന്നു മൂന്നു കിലോമീറ്റർ മാറി പുഴയോടു ചേർന്നുള്ള പാർക്കിന് വിപുലമായ വികസന സാധ്യതകൾ ഉള്ളതായാണ് വിലയിരുത്തുന്നത്. സഞ്ചാരികൾക്കുള്ള ടെന്റുകൾ ക്രമീകരിക്കാനും പുഴയ്ക്ക് അപ്പുറം സഞ്ജീവനി പാർക്കിലേക്കു തൂക്കുപാലം നിർമിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കുട്ടികൾക്ക് മിനി പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, തലശ്ശേരി സോഷ്യൽ ഫോറസ്ട്രി വിഭാഗം റേഞ്ചർ പി.സുരേഷ്, ഫോറസ്റ്റർമാരായ ബിനു കായലോട്, പി.കെ.സുദീപ്, ടി.പ്രസന്ന, ഇരിട്ടി ബ്ലോക്ക്തല പങ്കാളിത്ത ജനകീയ സമിതി അംഗം അജയൻ പായം, ജനകീയ കമ്മിറ്റി ഭാരവാഹി സുശീൽ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.