ADVERTISEMENT

മൂലക്കീൽ ∙ നാടിന്റെ ചിരകാല സ്വപ്നമായ മൂലക്കീൽ കടവ് പാലത്തിനായി സാമൂഹിക പ്രവർത്തകനായ കുന്നരുവിലെ കൊയക്കീൽ രാഘവൻ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ്. പാലം സ്വപ്നം ഏതാണ്ട് കരയ്ക്കടുത്തപ്പോൾ ചെറിയ ചില പ്രശ്നങ്ങളിൽ തട്ടി പണി നീളുകയാണ്. എന്നാലും പിൻമാറാൻ ഈ എഴുപത്തിനാലുകാരൻ തയാറല്ല. ജനപ്രതിനിധികളും നാട്ടുകാരും സാമൂഹിക സാംസ്കാരിക സംഘടനകളും ഒപ്പം ഒറ്റക്കെട്ടായ് നിൽക്കുന്നത് രാഘവന് പ്രതീക്ഷയേകുന്നു.

മൂലക്കീൽ പാലത്തിനു വേണ്ടി 2008ൽ തുടങ്ങിയ പോരാട്ടം 2022ൽ എത്തുമ്പോഴേക്കും പാലം വന്നേ മതിയാകൂ എന്ന നിലയിലേക്ക് ജനവികാരം എത്തിക്കാൻ രാഘവനു കഴിഞ്ഞു. കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലക്കോട് പുഴയ്ക്കു കുറുകെ മൂലക്കീൽ കടവിൽ നിർമിക്കാനിരിക്കുന്ന പാലത്തിന്റെ ആദ്യ നിർദേശം രാഘവന്റേതായിരുന്നു.  വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2008 മാർച്ച് 27ന് രാഘവൻ നൽകിയ അപേക്ഷയാണ് പാലത്തിനായുള്ള വഴി തുറന്നത്.

2008 മേയ് 20ന് സർവേ നടത്താൻ ഉത്തരവ് ഇറങ്ങി.  എൻജിനീയർമാർ 5.1 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 2009 ഫെബ്രുവരി 16ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പാലത്തിനുള്ള തുക അനുവദിച്ചു. 2011ൽ യുഡിഎഫ് സർക്കാർ പാലത്തിന്റെ ഡിസൈൻ അംഗീകരിച്ചു. തുടർന്ന് 14.2 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ ഭരണാനുമതിക്കായി സർക്കാരിനു സമർപ്പിച്ചു. ഈ ഘട്ടത്തി‍ൽ ഉൾനാടൻ ജലഗതാഗത വകുപ്പ് എതിർപ്പുമായി രംഗത്തു വന്നു. പാലം നിർമിക്കുന്ന പുഴ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ പരിധിയിലാണെന്നും ഡിസൈനിൽ മാറ്റം വേണമെന്നുമായിരുന്നു വാദം. 

5 സ്പാനുള്ള പാലത്തിന് 126 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമായി തയാറാക്കിയ ഡിസൈൻ മാറ്റേണ്ടി വന്നു. വകുപ്പുകൾ തമ്മിലുള്ള തർക്കം 2015 വരെ നീണ്ടു.  കിഫ്ബി വഴി തുക അനുവദിച്ച് പാലം നിർമിക്കുമെന്ന് 2016ലെ ബജറ്റിൽ മന്ത്രി അന്നത്തെ മരാമത്ത് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചു. പുതുക്കിയ ഡിസൈൻ പ്രകാരം 280 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം വരുന്നത്. 

കുന്നരു ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. മൂലക്കീൽ ഭാഗത്തുകൂടി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ മാടായി പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് മൂലക്കീൽ കടവ് റോഡിനെയും രാമന്തളി പഞ്ചായത്തിലെ പുന്നക്കടവ് കുന്നരു പാലക്കോട് റോഡിനെയും ബന്ധിപ്പിക്കുന്ന മൂലക്കീൽ കടവ് പാലം പണിയുടെ പ്രാരംഭ ഘട്ടം തുടങ്ങും. പാലം പൂർത്തിയാകും വരെ, തടസ്സങ്ങൾ ഒന്നൊന്നായി നീക്കാനുറച്ച് രാഘവൻ മുന്നിൽത്തന്നെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com