3 ദിവസം കൊണ്ടു തീരേണ്ട ദുരിതം; സർക്കാർ ഓഫിസ് കയറിയിറങ്ങിയത് 8 വർഷം; ഒടുവിൽ നീതി
Mail This Article
കണ്ണൂർ ∙ മൂന്നേ മൂന്നു ദിവസം കൊണ്ടു തീരേണ്ട ദുരിതപർവം. പക്ഷേ, ലളിതമായ ആ തിരുത്തിന് വേണ്ടി സുകുമാരിക്ക് സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നത് 8 വർഷം. പുതിയ രേഖകളോ മറ്റോ പുതിയതായി സമർപ്പിക്കുക പോലും വേണ്ടി വന്നില്ല. ഇന്നലെ പി.എൻ.സുകുമാരി നിറചിരിയോടെ മകളുടെ തിരുത്തിയ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റി. കേളകത്തെ അക്ഷയ സെന്ററിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റുമ്പോൾ പോരാടി നേടിയ വിജയവും മുന്നോട്ടു പോരാടാനുള്ള ഊർജവും സുകുമാരിയിലുണ്ടായിരുന്നു. ചെട്ടിയാംപറമ്പിലെ പണി പൂർത്തിയാകാത്ത വീട്ടിൽ, മകളുടെ ഭാവിക്കായി ഇനി സന്തോഷത്തോടെ ജോലി ചെയ്യാമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു സുകുമാരിയുടെ മുഖത്ത്.
2006 ഏപ്രിൽ 25ന് തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ജനിച്ച മകളുടെ പേരിനൊപ്പമാണ് അമ്മയുടെയും അച്ഛന്റെയും പേര് തെറ്റായി രേഖപ്പെടുത്തിയത്. അമ്മയുടെ പേര് പി.എൻ.സുകുമാരി എന്നതിനു പകരം പി.എൻ.കുമാരി എന്നും പിതാവിന്റെ പേര് പി.കെ.സോമൻ എന്നതിനു പകരം പി.ജോഷി വേലു എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. മകളുടെ വിദ്യാഭ്യാസത്തിന് 4ാം ക്ലാസിൽ വച്ചു ഹോസ്റ്റലിലേക്ക് മാറ്റാൻ നോക്കുമ്പോഴാണു പേരു മാറിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അവിടുന്ന് തുടങ്ങുന്നു സുകുമാരിയുടെ തിരുത്തൽ ശ്രമം. 2009 സെപ്റ്റംബർ 16ന് പി.കെ.സോമൻ ജോലിക്കിടെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് കേരളത്തിൽ നിന്നു സാക്ഷ്യപ്പെടുത്തി കിട്ടാൻ രേഖകളുടെ അഭാവം കാരണം താമസമെടുത്തു.
2017ലാണു സോമന്റെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചത്. മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ പിതാവിന്റെ ഐഡി കാർഡ് ഒഴികെയുള്ളവയെല്ലാം ഹാജരാക്കി. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ തലശ്ശേരി മുനിസിപ്പാലിറ്റി റജിസ്ട്രാർ തയാറായിരുന്നില്ല. ഓഫിസിൽ സർട്ടിഫിക്കറ്റിനായി എത്തിയപ്പോൾ ഒട്ടേറെ തവണ അദ്ദേഹം ദേഷ്യത്തോടെ പെരുമാറിയതായി സുകുമാരി ഓർക്കുന്നു. വിധവകളുടെ മക്കൾക്കുള്ള സ്നേഹപൂർവം സ്കോളർഷിപ്പിനു അപേക്ഷിക്കാനും പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ആധികാരികമായി നൽകാനുള്ള സമയം അടുത്തിരിക്കെയാണ് അവസാന ശ്രമമെന്ന നിലയിൽ 28ന് കേരള വിധവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ സുകുമാരി ഒറ്റയാൾ സമരത്തിനെത്തിയത്. 29ന് മലയാള മനോരമ സുകുമാരിയുടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണു 30ന് തെറ്റു തിരുത്തുമെന്നു അധികൃതർ അറിയിച്ചത്.