തലകറക്കുന്ന ദുർഗന്ധം, മലിനജല കേന്ദ്രമായി പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ജംക്‌ഷൻ
Mail This Article
അസഹ്യമായ ദുർഗന്ധം കാരണം പഴയങ്ങാടി ഭാഗത്തേക്ക് പോകേണ്ട ബസ് യാത്രക്കാർ പാപ്പിനിശ്ശേരി കവലയെ ഒഴിവാക്കി വളപട്ടണത്ത് ഇറങ്ങേണ്ടി വരുന്നു
പാപ്പിനിശ്ശേരി ∙ മൂക്ക് പൊത്താതെ ദേശീയപാതയ്ക്ക് സമീപം പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് ജംക്‌ഷൻ വഴി യാത്ര ചെയ്യാനാകില്ല. അസഹ്യമായ ദുർഗന്ധം കാരണം പലരും തലകറങ്ങി വീണതായി പരാതി ഉയർന്നു. മത്സ്യം കയറ്റിപ്പോകുന്ന ചരക്കുലോറികൾ മലിനജലം തള്ളുന്ന പ്രധാന കേന്ദ്രമായതിനാൽ ഈ കവല നാറുന്ന ഇടമായി മാറിയത്.
റോഡരികിൽ മലിനജലം കെട്ടിക്കിടന്നു ജീർണിച്ചു ഈച്ചയും പ്രാണികളും പെരുകി ദുർഗന്ധം അസഹ്യമാകും. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തുന്നവർക്ക് ഒരു നിമിഷം പോലും നിൽക്കാനാകില്ല. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ചുറ്റും കാടു മൂടി മാലിന്യം നിറഞ്ഞു. എന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. പലരും പാപ്പിനിശ്ശേരി കവലയിൽ ഇറങ്ങാതെ വളപട്ടണത്താണ് ബസ് കാത്തിരിക്കുന്നത്.
ദീർഘദൂര ചരക്കുലോറികളുടെ വിശ്രമകേന്ദ്രമാണ് കടവത്തുവയൽ. റോഡരികിൽ തന്നെ മലമൂത്ര വിസർജനം നടത്തുന്നതായും പരാതിയുണ്ട്. മിക്ക ഇവിടെ തെരുവു വിളക്കുകളും പ്രവർത്തിക്കുന്നില്ല. കണ്ടൽക്കാടുകളിൽ രാവും പകലും മാലിന്യം തള്ളുന്നതായി പരാതി ഉയർന്നു.