ഇന്ത്യയുടെ രണ്ടാമത്തെ തപാൽ സ്റ്റാംപിന് ഇന്ന് 75; അപൂർവ ശേഖരവുമായി നോബി കുര്യാലപ്പുഴ
Mail This Article
തളിപ്പറമ്പ് ∙ സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ തപാൽ സ്റ്റാംപിന് ഇന്ന് 75 തികയുമ്പോൾ തന്റെ സ്റ്റാംപ് ശേഖരണത്തിൽ ഇതിനെ പ്രത്യേകം സൂക്ഷിക്കുകയാണ് സ്റ്റാംപ് ശേഖരണ രംഗത്ത് (ഫിലാറ്റിക്) സജീവമായ ആലക്കോട് സ്വദേശി നോബി കുര്യാലപ്പുഴ. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ഓഗസ്റ്റ് 15 മുതൽ നവംബർ 20 വരെ രാജ്യത്തിനു തപാൽ സ്റ്റാംപുകൾ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരുടെ സ്റ്റാംപുകൾക്കു വിലയില്ലാതായതാണു കാരണം. അതുകൊണ്ട് സ്റ്റാംപിനു പകരം ജയ്ഹിന്ദ് എന്ന മുദ്ര രേഖപ്പെടുത്തിയാണ് ഇക്കാലത്തു കത്തുകൾ അയച്ചിരുന്നത്.
പിന്നീട്, 1947 നവംബർ 21ന് ദേശീയ പതാകയുടെ വർണ ചിത്രമുള്ള ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാംപ് പുറത്തിറങ്ങി. ഇതോടൊപ്പം അശോക സ്തംഭത്തിന്റെ ചിത്രമുള്ളതും ഡഗ്ലസ് ഡിസി 4 എന്ന വിമാനത്തിന്റെ ചിത്രം രേഖപ്പെടുത്തിയതുമായ 2 സ്റ്റാംപുകളും ഇറക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഇവ ഡിസംബർ 15നാണു പുറത്തിറങ്ങിയത്. ദേശീയ പതാകയുടെ ചിത്രമുള്ള സ്റ്റാംപിന് 3.5 അണയായിരുന്നു വില. വിദേശത്തേക്കുള്ള കത്തിടപാടുകൾക്കാണ് ഈ സ്റ്റാംപ് ഉപയോഗിച്ചിരുന്നത്.
ദേശീയ ചിഹ്നമായ അശോക സ്തംഭം രേഖപ്പെടുത്തിയ സ്റ്റാംപിന് ഒന്നര അണയും വിമാന സ്റ്റാംപിന് 12 അണയുമായിരുന്നു വില. രാജ്യത്തിനുള്ളിലെ ഉപയോഗത്തിന് ഇവയായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ സ്റ്റാംപുകൾക്ക് മുകളിൽ ജയ്ഹിന്ദ് എന്നും താഴെ 15 ഓഗസ്റ്റ് 1947 എന്നും രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാംപ് പുറത്തിറങ്ങിയത് 1852 ൽ ആണ്. വിവിധ രാജ്യങ്ങളുടെ അത്യപൂർവമായ ഒട്ടേറെ സ്റ്റാംപുകളുടെയും കറൻസികളുടെയും ശേഖരം 25 വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന നോബിയുടെ കയ്യിലുണ്ട്. വിവിധ സ്ഥലങ്ങളിൽ നോബിയുടെ സ്റ്റാംപ് പ്രദർശനം നടന്നിരുന്നു.