ADVERTISEMENT

ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ‌ കണ്ടെത്തിയതു സംബന്ധിച്ച അവ്യക്തത നീക്കാനാകാതെ അധികൃതർ. കേരള പൊലീസും സ്പെഷൽ ബ്രാഞ്ചും വനം, റവന്യു വകുപ്പുകളും ഊർജിതമായി രംഗത്തുണ്ടെങ്കിലും കാര്യമായ സൂചനകളൊന്നും കണ്ടെത്താനായില്ല. അടയാളപ്പെടുത്തൽ സംഘം വന്നതെന്നു കരുതുന്ന വെള്ള  കാറിന്റെ ദൃശ്യം ഇവർ കടന്നു പോയ റൂട്ടിലുള്ള ക്യാമറകളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞെങ്കിലും നമ്പർ വ്യക്തമല്ല. 

കണ്ണൂർ റൂറൽ സ്പെഷൽ ബ്രാഞ്ചും ഇരിട്ടി, കരിക്കോട്ടക്കരി എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ പൊലീസും ഇന്നലെ വിവിധ ഇടങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. 16ന് രാവിലെയാണ് സംഘം പാലത്തിൻകടവ് മേഖലയിൽ വന്നതെന്നു സ്ഥിരീകരിച്ചു. ബാരാപോൾ കനാലിന് സമീപം ജിപി 118 എന്നു രേഖപ്പെടുത്തുന്നത് പ്രദേശവാസിയായ ജോർജ് കുന്നത്തുപാലയ്ക്കൽ തിരക്കിയപ്പോൾ സർവേ നടത്തുകയാണെന്നു പറഞ്ഞെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല. വേഗം മടങ്ങുകയും ചെയ്തു. 

സംസ്ഥാനാന്തര പാതയിൽ കൂട്ടുപുഴയിലും കിളിയന്തറയിലുമുള്ള ചെക്ക് പോസ്റ്റുകളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസും വനം – റവന്യു അധികൃതരും. അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, അയ്യൻകുന്ന് മണ്ഡലം പ്രസിഡന്റ് ജെയിൻസ്.ടി.മാത്യു, ബിജുനിത്ത് കുറുപ്പംപറമ്പിൽ എന്നിവരും നാട്ടുകാരും പാലത്തിൻകടവിൽ എത്തിയ വനം, റവന്യു, പൊലീസ് പ്രതിനിധികളുമായി ചർച്ച നടത്തി.

ആശങ്ക മാറാതെ നാട്ടുകാർ

ഔദ്യോഗികമായി അറിയിക്കാതെയുള്ള സർവേ തള്ളിക്കളഞ്ഞാൽ മതിയെന്നും ഭയപ്പെടേണ്ടതില്ലെന്നും കേരളത്തിൽ കയറി കർണാടകയ്ക്കു ബഫർ സോൺ അടയാളപ്പെടുത്താൻ കഴിയില്ലെന്നും ഉന്നത വനം മേധാവി ഉൾപ്പെടെ ഉറപ്പു നൽകുമ്പോഴും നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിലേക്ക് ദിശ വ്യക്തമാക്കുന്ന അടയാളത്തോടു കൂടിയാണ് ജിപി – 112 മുതലുള്ള നമ്പറുകൾ വിവിധ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പേടിക്കേണ്ടെന്നു പറയുമ്പോഴും ബാരാപോൾ പദ്ധതി പണിത കാലഘട്ടം മുതൽ കൂട്ടുപുഴ പുതിയ പാലം പണി വരെ കർണാടക ഉയർത്തിയിട്ടുള്ള തടസ്സവാദങ്ങളും തർക്കങ്ങളുമാണു പ്രദേശവാസികളുടെ മനസ്സിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com