തേറണ്ടിയിൽ ജനകീയ ചങ്ങാടം പുഴയിലിറക്കി
Mail This Article
കൂവേരി∙ പുതുവത്സര ദിനത്തിൽ തേറണ്ടിക്കടവിന് ആഹ്ലാദമായി നാട്ടുകാരുടെ ചങ്ങാടം പുഴയിലിറക്കി. ഇവിടെ കിലോമീറ്ററോളം സഞ്ചരിച്ചാണ് നാട്ടുകാർ അക്കരെയെത്തിയിരുന്നത്. തുടർന്നാണു പഞ്ചായത്ത് അംഗം സി.പത്മനാഭന്റെ നേതൃത്വത്തിൽ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് ചങ്ങാടം നിർമിച്ചത്. നാട്ടുകാർ സ്വരൂപിച്ച 50000ത്തോളം രൂപ ചങ്ങാടത്തിനായി ചെലവഴിച്ചു.ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സി.പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജനകീയ കമ്മിറ്റി ഭാരവാഹികളായ കെ.വി.സുകുമാരൻ, കെ.വി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
ചങ്ങാടത്തിന്റെ നിർമാണം നടത്തിയ വി.വി.ഭാസ്കരൻ, എം.സന്തോഷ് എന്നിവരെ ആദരിച്ചു.25 വർഷം മുൻപ് സംസ്ഥാനത്ത് ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് തേറണ്ടിക്കടവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ച നടപ്പാലമായിരുന്നു. നടപ്പാലം വിദേശ മാസികകളിൽ പോലും മുഖചിത്രമായി. എന്നാൽ കാലക്രമേണ പാലം തകർന്നപ്പോൾ നാട്ടുകാർക്ക് പഴയ തോണിയാത്ര തന്നെയായി അക്കരെയെത്താനുള്ള മാർഗം. 8 വർഷം മുൻപ് കടത്തുതോണിയും നിലച്ചു. ഇവിടെ സ്ഥിരം പാലം നിർമിക്കണമെന്ന ആവശ്യത്തിന് ഫലമുണ്ടായതുമില്ല. ചങ്ങാടം വരുന്നതോടെ നാട്ടുകാരുടെ യാത്രാദുരിതം കുറയും.