പഴയങ്ങാടി താലൂക്കാശുപത്രിയിൽ ചുമയ്ക്കുള്ള മരുന്ന് തീർന്നിട്ട് ഒരുമാസം
Mail This Article
പഴയങ്ങാടി∙ നാടാകെ പനി, ചുമ, ജലദോഷം എന്നിവ പടർന്ന് പിടിക്കുമ്പോൾ പഴയങ്ങാടി താലൂക്കാശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. ചുമയ്ക്കുള്ള മരുന്ന് കഴിഞ്ഞിട്ട് ഒരുമാസം. കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഴയങ്ങാടി താലൂക്കാശുപത്രിയിൽ സമീപത്തെ ഒട്ടേറെ പഞ്ചായത്തുകളിൽനിന്ന് ദിവസേന 100 കണക്കിന് ആളുകളാണ് ചികിത്സയ്ക്ക് എത്തുന്നത്. പലപ്പോഴും രോഗികളുടെ നീണ്ട ക്യു ഇവിടെ കാണാം. പതിറ്റാണ്ടുകളായി ഏത് മരുന്ന് കിട്ടാതിരുന്നാലും ചുമയ്ക്കുളള മരുന്ന് യഥേഷ്ടം കിട്ടാറുണ്ടായിരുന്നു.
അതിന്റെ ബലത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ എല്ലാം കൈവശം ചെറിയ കുപ്പി കരുതാറുണ്ട്. ആശുപത്രി ജീവനക്കാർ എസ്ഇ എന്ന് ചുരുക്കപേരിൽ വിളിക്കുന്ന ചുവന്ന നിറത്തിലുളള ഈ മരുന്ന് ചുമയെ പിടിച്ച് കെട്ടും. ഡോക്ടർ നിർദേശിക്കുന്ന പല മരുന്നുകളും ഇവിടെയുളള ഫാർമസിയിൽ നിന്ന് കിട്ടാറില്ലെന്നാണ് രോഗികളുടെ വേദന.എന്നാൽ ചുമയുടെ മരുന്ന് ഒരുമാസമായി ഇല്ലാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഇവിടത്തെ മാത്രം പ്രശ്നമല്ലെന്നും മറ്റ് സർക്കാർ ആശുപത്രികളിലും ചുമയുടെ മരുന്ന് ഇല്ലെന്നും പരാതി ഉണ്ട്.
ഡോക്ടറുടെ പരിശോധന കഴിഞ്ഞശേഷം ഫാർമസിയിലേക്ക് ഏറേ നേരം ക്യൂ നിന്ന് മരുന്ന് കുറിപ്പ് കൊടുക്കുമ്പോഴാണ് മരുന്ന് പലതും ഇല്ലെന്ന് രോഗികൾ അറിയുന്നത്. ഇതോടെ പല രോഗികളും മരുന്ന് കിട്ടാത്ത പരിഭവവുമായാണ് ആശുപത്രി വിടുന്നത്. ദിവസേന 800 പേർ ചികിത്സ തേടി വരാറുണ്ട്. പല മരുന്നു കിട്ടാതായതോടെ മറ്റ് സർക്കാർ ആശുപത്രികളെ തേടി പോകുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇന്നലെ ഒപി സമയത്ത് 610 പേരാണ് ചികിത്സയ്ക്ക് എത്തിയത്. രോഗം പടർന്ന് പിടിക്കുന്ന ഈക്കാലത്ത് അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.