ചപ്പാരപ്പടവ് പാലം ബലപ്പെടുത്തണം എന്ന് അറിയാം; എപ്പോൾ എന്നറിയില്ല!
Mail This Article
ചപ്പാരപ്പടവ് ∙ ബലക്ഷയം സംഭവിച്ച ചപ്പാരപ്പടവ് പാലം ബലപ്പെടുത്തേണ്ട ആവശ്യകത അധികൃതർ തന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും എപ്പോൾ നടപ്പാകുമെന്ന കാര്യത്തിൽ നിശ്ചയമില്ല. നിർദേശങ്ങളും പരിശോധനകളും പല തവണ നടന്നതല്ലാതെ പാലം ബലപ്പെടുത്താനുള്ള നടപടി ഒന്നുമായില്ല. ഒടുവിൽ ഒരു വർഷം മുൻപ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) സംഘം അത്യാധുനിക സംവിധാനങ്ങളോടെ പാലം പരിശോധിച്ചിരുന്നു. എന്നാൽ തുടർനടപടി ഒന്നുമുണ്ടായില്ല. ബലപ്പെടുത്തലാണോ പുനർനിർമാണമാണോ വേണ്ടതെന്ന കാര്യത്തിലും തീരുമാനമായില്ല.
പാലം ബലപ്പെടുത്തലിനു വലിയ തുക ചെലവഴിക്കേണ്ടി വരികയാണെങ്കിൽ പുനർനിർമാണം മതിയെന്ന തീരുമാനമാകും ഉണ്ടാകുക. ബലപ്പെടുത്തിയാൽ നിലനിൽക്കുമോ എന്നു കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തിയത്. അതേസമയം, പതിറ്റാണ്ടുകളോളം പഴക്കമുള്ള ചപ്പാരപ്പടവ് പാലത്തിന്റെ തൂണുകളും സ്ലാബുകളും ജീർണാവസ്ഥയിലാണ്. മിക്ക തൂണുകളിലും കോൺക്രീറ്റ് അടർന്നുപോയതിനെ തുടർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. സ്ലാബുകളുടെ അടിവശത്തു നിന്നു കോൺക്രീറ്റ് അടർന്നുപോയിട്ടുണ്ട്.
പുറമേ കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ വൻ മരങ്ങൾ ഒഴുകി തൂണുകളിൽ തട്ടിയതു പാലത്തിന്റെ ബലക്ഷയത്തിനു ആക്കം കൂട്ടി. 2 വർഷം മുൻപ് മരാമത്ത് വകുപ്പ് ബലപ്പെടുത്തുമെന്ന് പറഞ്ഞിരുന്ന പാലങ്ങളുടെ ലിസ്റ്റിൽ ചപ്പാരപ്പടവ് പാലം ഉൾപ്പെട്ടിരുന്നുവെങ്കിലും തുടർനടപടിയുണ്ടായില്ല. നേരത്തെ ഉദ്യോഗസ്ഥർ പാലം പരിശോധിക്കുകയും ഇത് ബലപ്പെടുത്തേണ്ട ആവശ്യകത ഉറപ്പാക്കുകയും ചെയ്തതാണ്. മലയോരമേഖലയിലെ ഒട്ടേറെ റോഡുകളുടെ ലിങ്ക് ആയി പ്രവർത്തിക്കുന്ന പാലത്തിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപേകുന്നത്. വലിയ ഭാരവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.