ലോകം ചുറ്റിക്കാണാൻ കാരവനിൽ ജർമൻ സ്വദേശി; ചുരത്തിൽ കുടുങ്ങി
Mail This Article
പാൽച്ചുരം ∙ ലോകം ചുറ്റിക്കാണാൻ കാരവനിൽ എത്തിയ ജർമൻ സ്വദേശി കായും കുടുംബവും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ കുടുങ്ങി. ചുരത്തിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിർത്തിയിടേണ്ടി വന്നത്.
ഗൂഗിൾ മാപ് നോക്കി വാഹനം ഓടിച്ചു വന്ന ഇവർ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാനാണ് ബോയ്സ് ടൗൺ റോഡ് തിരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രിയാണു വാഹനം ചുരത്തിൽ കുടുങ്ങിയത്.
നാട്ടുകാരുടെ സഹായത്തോടെ വാഹനം ആശ്രമം കവലയ്ക്കു സമീപം എത്തിച്ചു. ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം കായും കുടുംബവും യാത്ര തുടർന്നു. 15 വർഷമായി ദുബായിൽ എൻജിനീയർമാരാണ് കായും ഭാര്യയും. ഇവരുടെ രണ്ട് മക്കളാണ് വാഹനത്തിൽ കൂടെയുള്ളത്.
ഒരു വർഷത്തെ അവധി എടുത്താണ് കുടുംബം നാട് ചുറ്റാനിറങ്ങിയത്. ലെയ്‌ലാൻഡ് ബസ് വാങ്ങി മാറ്റങ്ങൾ വരുത്തിയാണ് കാരവൻ ഉണ്ടാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ യാത്ര തുടങ്ങിയത്. ഇറാൻ, ടർക്കി, പാക്കിസ്ഥാൻ, മുംബൈ, മൈസൂർ വഴിയാണ് ഇവർ കേരളത്തിൽ എത്തിയത്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനത്തിലാണു കുടുംബം സഞ്ചരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളും ഉള്ളതാണ് കാരവൻ.
എന്നാൽ, ബ്രേക്ക് ഡൗൺ ആയത് വ്യത്യസ്ഥമായ ഒരു അനുഭവം ആയെന്നും നാട്ടുകാർ നല്ലവരാണ് എന്നും കാ പറഞ്ഞു. ഒന്നര മാസം കേരളത്തിൽ ചിലവഴിക്കുമെന്നും തിരിച്ചു വരുമെന്നും പറഞ്ഞാണ് ജർമൻ കുടുംബം പോയിട്ടുള്ളത്.