റെയിൽവേ ഭൂമി കൈമാറ്റം, റോഡ് വികസനത്തിന് തരാതെയെന്ന് മേയർ
Mail This Article
കണ്ണൂർ ∙ ഒരു കാലത്തും കണ്ണൂർ വികസിക്കരുതെന്ന നിലപാടാണ് റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലൂടെ കേന്ദ്ര സർക്കാർ പ്രകടിപ്പിച്ചതെന്നും റോഡ് വികസിപ്പിക്കണമെങ്കിൽ റെയിൽവേ ഭൂമി വിട്ടുകിട്ടിയേ മതിയാകൂ എന്നും മേയർ ടി.ഒ.മോഹനൻ. കോർപറേഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മേയർ.
റെയിൽവേ സ്റ്റേഷന്‍ മാർച്ചിന് കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ പി.ഷമീമ, എം.പി.രാജേഷ്, പി.ഇന്ദിര, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ കൂക്കിരി രാജേഷ്, എൻ.സുകന്യ, കെ.പി.അബ്ദുൽ റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
മുസ്‌ലിം ലീഗ് മാർച്ചും ധർണയും ഇന്ന്
റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും നടത്തും. 10ന് സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്ന് മാർച്ച് ആരംഭിക്കും. റെയിൽവേ സ്റ്റേഷനു മുന്നിൽ 10.30ന് ധർണ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരിം ചേലേരി ഉദ്ഘാടനം ചെയ്യും.
ഭൂമി കൈമാറ്റം ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: എം.വി.ജയരാജൻ
റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിനു നൽകിയതിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് സിപിഎമ്മും എൽഡിഎഫും നേതൃത്വം നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. അധികൃതർ നടപടി തിരുത്തണണമെന്നു ജയരാജൻ ആവശ്യപ്പെട്ടു.
കൈമാറുന്നത് അധികമുള്ള ഭൂമി: എം.ടി.രമേശ്
റെയിൽവേ വികസനത്തിന് ആവശ്യമായ ഭൂമിയല്ല, അധികമായുള്ള ഭൂമിയാണ് ആർഎൽഡിഎ പാട്ടക്കരാറിലൂടെ കൈമാറുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലഘട്ടത്തിലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനു മുന്നിലെ ഭൂമി പാട്ടത്തിനു നൽകിയത്. ഇപ്പോഴത്തെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ പറയട്ടെ, അപ്പോൾ പരിശോധിക്കാമെന്നും എം.ടി.രമേഷ് മാധ്യമങ്ങളോടു പറഞ്ഞു.