പാനൂർ നഗരസഭയുടെ മത്സ്യ മാർക്കറ്റ് കെട്ടിട സമുച്ചയം അപകടത്തിൽ
Mail This Article
പാനൂർ ∙ നഗരസഭയുടെ മത്സ്യ മാർക്കറ്റ് കെട്ടിട സമുച്ചയം അപകട ഭീഷണിയിൽ. രണ്ടു നില കോൺക്രീറ്റ് കെട്ടിടം ഏതു സമയവും വീഴുമെന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മിക്ക വ്യാപാരികളെയും സ്ഥാപനങ്ങളെയും ഒഴിപ്പിച്ചെങ്കിലും ഇപ്പോഴും സുരക്ഷിതമല്ല. കെട്ടിട സമുച്ചയത്തിനു സമീപത്തെ സ്വകാര്യ കെട്ടിടങ്ങളിലെ വ്യാപാരികൾക്കും ഭീഷണിയുണ്ട്. കോൺക്രീറ്റ് ഇളകി കമ്പി പുറത്തുകാണുന്നുണ്ട്. കോൺക്രീറ്റ് തൂണും അപകടാവസ്ഥയിലാണ്.
വാർപ്പിൽ നിന്ന് ഇടയ്ക്കിടെ കോൺക്രീറ്റ് ചീളുകൾ അടർന്നു വീഴുന്നു. കഴിഞ്ഞ ദിവസവും ചീളുകൾ വീണിരുന്നു. കെട്ടിടത്തിൽ പഴക്കടയും ആധാരം എഴുത്തു സ്ഥാപനവും ഒരു മൊബൈൽ കടയുമാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. അപകടാവസ്ഥയിലാതിനെ തുടർന്ന് മത്സ്യ വിൽപന, കെട്ടിടത്തിനു സമീപത്തേക്കു താൽക്കാലികമായി മാറ്റി.
കെട്ടിടം പൊളിച്ചു മാറ്റാൻ നഗരസഭ നടപടി ആരംഭിച്ച് ടെൻഡർ ആയെങ്കിലും ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. വീണ്ടും ടെൻഡർ വിളിക്കും. നഗരസഭ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞു പോകാത്തവർക്കെതിരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്ന് നഗരസഭാധ്യക്ഷൻ വി.നാസർ പറഞ്ഞു. കെട്ടിട സമുച്ചയത്തിലെ വൈദ്യുതി കഴിഞ്ഞ ദിവസം വിഛേദിക്കുകയും ചെയ്തു.