മാഹി–മുഴപ്പിലങ്ങാട് ബൈപാസിൽ ചക്രമുരുളാൻ ഇനിയും കാക്കണം
Mail This Article
കണ്ണൂർ∙മാഹി–മുഴപ്പിലങ്ങാട് ബൈപാസിന്റെ 95 % ജോലിയും പൂർത്തിയായെങ്കിലും നേരത്തേ തീരുമാനിച്ച സമയത്തിനകം തുറന്നു കൊടുക്കാൻ കഴിയില്ല. ഗതാഗതം തുടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ബൈപാസിന്റെ നിർമാണം മാർച്ച് 31നകം പൂർത്തിയാക്കും എന്നാണ് മന്ത്രി റിയാസ് പറഞ്ഞിരുന്നത്. ഇതോടെ മന്ത്രിയുടെ വാക്കും പാളുകയാണ
ആറുവരി പാതയിൽ മാഹി റെയിൽവേ സ്റ്റേഷനു സമീപത്തെ അഴിയൂർ റെയിൽവേ മേൽപാലം, തലശ്ശേരി ബാലം മേൽപാലം എന്നിവയുടെ പണിയാണ് പൂർത്തിയാകാനുള്ളത്. അഴിയൂർ റെയിൽവേ മേൽപാലത്തിന്റ പാളത്തിന്റെ മുകൾ ഭാഗത്തു വരുന്ന പ്രധാന സ്ലാബുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പ്രധാനമായും ബാക്കിയുള്ളത്.
ഇതിന്റെ പണി ഇനിയും തുടങ്ങിയിട്ടില്ല. ബാലം പാലത്തിന്റെ തലശ്ശേരി ഭാഗത്ത് അനുബന്ധ റോഡിനോട് ചേർക്കേണ്ട സ്ലാബിന്റെ പ്രവൃത്തികളും അനുബന്ധ റോഡിന്റെ പ്രവൃത്തികളും ബാക്കിയുണ്ട്.
ബൈപാസിൽ ബാലം പാലം
ബൈപാസിലെ പാലങ്ങളിൽ ബാലം പാലം മാത്രമാണ് പൂർത്തിയാകാനുള്ളത്. നിർമാണത്തിനിടെ പാലത്തിന്റെ ബീമുകൾ തകർന്നു വീണിരുന്നു. പിന്നീട് പാലത്തിന്റെ അനുബന്ധ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ സമരം നടത്തിയതിനെ തുടർന്നുള്ള പ്രവൃത്തി സ്തംഭനവുമാണു വൈകാൻ കാരണമായത്.
പാലത്തിന്റെ ഇരു ഭാഗവും ചതുപ്പാണ്. അനുബന്ധ റോഡിനു വേണ്ടി മണ്ണിട്ട് ചതുപ്പു നികത്തുന്നതു പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുമെന്ന് പറഞ്ഞായിരുന്നു നാട്ടുകാരുടെ സമരം. തുടർന്ന് ചതുപ്പിൽ കുറച്ചു ഭാഗത്തു കൂടി പാലം നിർമിക്കാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണു സമരം അവസാനിപ്പിച്ചത്.
റെയിൽവേ പരിശോധന
മാഹി അഴിയൂർ റെയിൽവേ മേൽപാലത്തിന് റെയിൽവേയുടെ കൂടി ഉടമസ്ഥതയുള്ളതുകൊണ്ട് നിർമാണത്തിന്റെ ഓരോ ഘട്ടങ്ങൾ കഴിയുമ്പോഴും റെയിൽവേ അധികൃതരുടെ പരിശോധന ആവശ്യമാണ്. ഈ പരിശോധനയ്ക്ക് പാലക്കാട് ഡിവിഷൻ ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തണം. ഇതും പ്രവൃത്തികളുമായി ബന്ധപ്പെട്ട കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.
ബലം നോക്കിത്തുടങ്ങി
അതിനിടെ ബൈപാസിലൂടെ ഗതാഗതം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട ചില പരിശോധനകൾ അധികൃതർ തുടങ്ങി. പ്രവൃത്തി പൂർത്തിയായ പാലങ്ങൾ, കൾവർട്ടുകൾ എന്നിവയുടെ ബല പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്.
ബൈപാസിലൂടെ ഗതാഗതം അനുവദിക്കുന്നതിനു മുൻപേ പല തവണ ട്രയൽ റൺ ആവശ്യമാണ്. ബാലം പാലത്തിന്റെയും മാഹി അഴിയൂർ മേൽപാലത്തിന്റെയും നിർമാണ പ്രവൃത്തികൾ പൂർത്തിയായാൽ മാത്രമേ ബൈപാസിന്റെ പൂർണമായ ട്രയൽ റൺ നടത്താൻ പറ്റുകയുള്ളൂ. അത് എപ്പോൾ പൂർത്തിയാകുമെന്ന് അധികൃതർക്ക് ഉറപ്പിച്ചു പറയാനാകുന്നില്ല.